രണ്ടു വർഷത്തിലധികമായി മാളികപ്പുറം ഗോഡൗണിൽ ആണ് 6.65 ലക്ഷം ടിൻ പഴയ അരവണ സൂക്ഷിച്ചിരിക്കുന്നത്. അരവണയിലെ ശർക്കര പുളിച്ച് കണ്ടെയ്നറുകൾ ഇപ്പോൾ പൊട്ടി തുടങ്ങിയിട്ടുമുണ്ട്. ശർക്കരയുടെ മണത്തിൽ ആകൃഷ്ടരായി ആന ഉൾപ്പെടെയുള്ള വന്യ ജീവികൾ ഇവിടേക്ക് എത്താനും സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് പഴയ അരവണ എത്രയും വേഗം നീക്കാൻ ദേവസ്വം ബോർഡ് സർക്കാരിൽ സമ്മർദം ചെലുത്തുന്നത്.
അരവണ നീക്കം ചെയ്യുന്നതിന് ടെൻഡർ നടപടികൾ പൂർത്തിയാക്കി ദേവസ്വം ബോർഡ് റിപ്പോർട്ട് നൽകിയെങ്കിലും സർക്കാർ മറുപടി നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. സർക്കാർ സഹായത്തോടെ അരവണ നീക്കം ചെയ്യണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. അരവണ പ്രശ്നത്തിൽ ദേവസ്വം ബോർഡിന് ഇതുവരെ 6.50 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 2022 ൽ അരവണയിലെ ഏലയ്ക്കയിൽ കീടനാശിനിയുടെ അംശം ഉണ്ടെന്ന പരാതിയെ തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരമാണ് വിൽപന നിർത്തിയത്.
പിന്നീട് സുപ്രീം കോടതി നിർദേശ പ്രകാരം നടന്ന പരിശോധനയിൽ അരവണ ഭക്ഷ്യയോഗ്യമാണെന്ന് കണ്ടെത്തി. അപ്പോഴേക്കും അരവണ പഴകിയതിനാൽ വിൽക്കാൻ കഴിയാതെ വന്നു. ഈ അരവണയാണ് ഗോഡൗണിലേക്ക് മാറ്റിയത്. സർക്കാർ അടിയന്തരമായി തീരുമാനമെടുത്താൽ ശബരിമലയിൽ നിന്ന് അരവണ നീക്കം ചെയ്യാനാകുമെന്ന് ദേവസ്വം ബോർഡ് അംഗം എ. അജികുമാർ പറഞ്ഞു