അടൂര്‍ : ജനറല്‍ ആശുപത്രിയിൽ ഡോക്ടര്‍ ശസ്ത്രക്രിയയ്ക്ക് കൈക്കൂലി ആവശ്യപ്പെട്ടു എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള ഫോണ്‍ സന്ദേശത്തിന്റെ ഓഡിയോ ക്ലിപ്പുമായി ഒരു വനിത പരാതിപ്പെട്ട വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് എതിരെ ശിക്ഷണ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.
ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജുമായി ചര്‍ച്ച നടത്തി. പ്രതിദിനം രണ്ടായിരത്തോളം രോഗികള്‍ അടൂര്‍ ജനറല്‍ ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ട്. എംസി റോഡില്‍ ഏനാത്ത് മുതല്‍ പന്തളം വരെയുള്ള ഭാഗങ്ങളിലും അനുബന്ധ റോഡുകളിലും നടക്കുന്ന അപകടങ്ങളിൽപെടുന്നവർക്കും രോഗികള്‍ക്കും ആശ്രയകേന്ദ്രമാണ് ഈ ആതുരാലയം.
അടൂര്‍ ജനറല്‍ ആശുപത്രി അടക്കമുള്ള സര്‍ക്കാര്‍ പൊതുആരോഗ്യ കേന്ദ്രങ്ങളില്‍ സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവണതകള്‍ ചില ഉദ്യോഗസ്ഥരില്‍ ഉണ്ടാകുന്നു എന്നത് നിര്‍ഭാഗ്യകരമാണ്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് വകുപ്പുതല അന്വേഷണവും നടപടികളും അടിയന്തിരമായി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.