തിരുവല്ല : ക്രിസ്തു ദർശനത്തിലൂടെ ലോകത്തിന് പ്രകാശം പരത്തിയ സർ ജോർജ് വില്യംസിൻ്റെ സ്മരണ എക്കാലത്തും നിലനില്ക്കുമെന്നും,യുവജനങ്ങളെ നാശത്തിലേക്ക് നയിക്കുന്ന ലഹരിയുടെ പിടിയിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഗൗരവമായി ഏറ്റെടുക്കണമെന്നും സമൂഹത്തിൽ അവഗണിക്കപ്പെട്ടവരേയും തള്ളപ്പെട്ടവരേയും കരുതി ചേർത്ത് നിർത്തുന്ന സ്നേഹത്തിൻ്റെ സംസ്ക്കാരം വളരണമെന്നും നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ പ്രസിഡൻ്റ് ഡോ. ഗീവറുഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ പറഞ്ഞു.
വൈ.എം.സി.എ സബ് – റീജണിൻ്റെ ആഭിമുഖ്യത്തിൽ വൈ.എം.സി.എ സ്ഥാപകൻ സർ ജോർജ് വില്യംസിൻ്റെ ജന്മദിന സംഗമം അഭയ ഭവനിൽ ഉദ്ഘാടനം നിർവ്വഹിക്കയായിരുന്നു അദ്ദേഹം. സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. മുൻ റീജണൽ വൈസ് ചെയർമാൻ അഡ്വ. ജോസഫ് നെല്ലാനിക്കൻ മുഖ്യപ്രഭാഷണം നടത്തി.
സബ് റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, സബ് – റീജൺ മുൻ ചെയർമാന്മാരായ വർഗീസ് ടി. മങ്ങാട്, പ്രെഫ. ഫിലിപ്പ് എൻ. തോമസ്, അഡ്വ. എം.ബി നൈനാൻ, ലിനോജ് ചാക്കോ, അഭയ ഭവൻ പ്രസിഡൻ്റ് എൻ.ജെ ജോസഫ്, സെക്രട്ടറി ടി.സി ജേക്കബ്, സബ് – റീജൺ ഭാരവാഹികളായ അഡ്വ. നിതിൻ വർക്കി ഏബ്രഹാം, സജി മാമ്പ്രക്കുഴി, കുര്യൻ ചെറിയാൻ, ഉമ്മൻ വർഗീസ്, ശാന്താ ജോർജ് എന്നിവർ പ്രസംഗിച്ചു.