അടൂർ: ഏനാത്ത് കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ തീർത്ഥാടക സംഘത്തിലെ രണ്ടുപേർ ഒഴുക്കിൽപെട്ട് മരിച്ചു. കോയമ്പത്തൂർ ഗണപതികണ്ടർ തോട്ടം105/167 ജി യിൽ സെബീറുള്ളയുടേയും സെലീനയുടേയും മകൻ മുഹമ്മദ് സ്വാലിഹ് (10), കോയമ്പത്തൂർ പോത്തനൂർ വാനൊളി 127 ൽ നസീറിന്റെയും സൗദയുടെയും മകൻ അജ്മൽ (21) എന്നിവരാണ് മരിച്ചത്.
കോയമ്പത്തൂർ വെള്ളല്ലൂർ എസ്എൻടി സ്‌കൂളിലെ വിദ്യാർഥിയാണ് മുഹമ്മദ് സ്വാലിഹ്. എസ്എൻഎസ് കോളജിലെ എ.ഇ. കോഴ്‌സ് ചെയ്യുകയാണ് അജ്മൽ. ഇന്ന് ഉച്ചയ്ക്ക് 12.30ന് ഏനാത്ത് പഴയ ബെയ്‌ലി പാലത്തിനടുത്ത് മണ്ഡപം കടവിലാണ് സംഭവം നടന്നത്.
കോയമ്പത്തൂരിൽ നിന്നും തിരുവനന്തപുരം ബീമാപള്ളിയിലേക്ക് പോയ 20 പേരടങ്ങുന്ന സംഘത്തിൽപെട്ട രണ്ടുപേരാണ് ഒഴുക്കിൽപെട്ട് മരിച്ചത്. ഇവർ 3 കാറുകളിലായി തിരുവനന്തപുരത്തേക്ക് പോകുംവഴി ഉച്ചയ്ക്ക് നിസ്‌കാര സമയമായതിനാലാണ് പാലത്തിനപ്പുറം കുളക്കട ഭാഗത്തെ കടയുടെ മുന്നിൽ വാഹനം നിർത്തി ഇറങ്ങിയത്.
തുടർന്ന് സംഘത്തിലെ സ്ത്രീകളൊഴിച്ചുള്ളവർ ഒരു കാറിൽ കയറി ഏനാത്ത് ഭാഗത്തെ മണ്ഡപം കടവിൽ എത്തി. മുഹമ്മദ് സ്വാലിഹ് ആണ് ആറ്റിലേക്ക് ആദ്യം ഇറങ്ങിയത്. ഇദ്ദേഹം ഒഴുക്കിൽപെട്ടതൊടെ മുഹമ്മദ് സ്വാലിഹിനെ രക്ഷിക്കാൻ ഇറങ്ങിയ അജ്മലും ഒഴുക്കിൽ പെടുകയായിരുന്നു. ഇതോടെ സംഭവം അറിഞ്ഞെത്തിയ ഏനാത്ത് പോലീസ് കയറിട്ട് കൊടുത്ത് ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി
വിവരമറിഞ്ഞ് അടൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം നടത്തിയ തിരച്ചിലിൽ മണ്ഡപം കടവിൽ നിന്ന് 500 മീറ്റർ താഴെ സിഎംഐ സ്‌കൂളിന് സമീപമുള്ള കടവിൽ നിന്നും ഒരാളേയും ഒന്നര കിലോമീറ്റർ മാറി കൊളശ്ശേരി കടവിൽ നിന്നും രണ്ടാമത്തെ ആളെയും കണ്ടെടുക്കുകയായിരുന്നു. കനത്ത ഒഴുക്ക് വകവയ്ക്കാതെയാണ് ഫയർ ഫോഴ്‌സ് സംഘം തിരച്ചിൽ നടത്തിയത്. ഏനാത്ത് പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി അടൂർ ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നല്കി.