ശബരിമല : മണ്ഡലകാല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് 4ന് തന്ത്രിമാരായ കണ്ഠര് രാജീവര് , കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നട തുറന്ന് ദീപം തെളിയിക്കും.തുടർന്ന് മാളികപ്പുറം ക്ഷേത്രം തുറക്കുന്നതിന് മേൽശാന്തി പി.എം. മുരളിക്ക് താക്കോൽ കൈമാറും. തുടർന്ന് പതിനെട്ടാം പടിയിൽ ആഴി തെളിക്കൽ നടക്കും. ശേഷം ഭക്തർക്ക് കടന്ന് വരുന്നതിന് പതിനെട്ടാം പടിയുടെ വാതിൽ തുറന്ന് നൽകും.
ശബരിമലയിലെയും മാളികപ്പുറത്തെയും നിയുക്ത മേൽശാന്തിമാർ ആദ്യം പടി കയറും.പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണചടങ്ങുകൾ നടക്കും. പൂജകൾ ഉണ്ടായിരിക്കില്ല. ഉച്ചയ്ക്ക് ഒരു മണി മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.
തീർഥാടനത്തിന് തുടക്കം കുറിച്ച് നാളെ മണ്ഡല കാല പൂജകൾ പുലർച്ചെ 3 ന് തുടങ്ങും. ഡിസംബർ 26 ന് മണ്ഡല പൂജ നടത്തി രാത്രി 11 ന് നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 ന് വൈകിട്ട് 5 ന് നട തുറക്കും. ജനുവരി 14 നാണ് മകരവിളക്ക് ഉത്സവം. തീർഥാടനത്തിന് സമാപനം കുറിച്ച് ജനുവരി 20 ന് ഹരിവരാസനം പാടി നട അടയ്ക്കും.