പത്തനംതിട്ട : എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാനും വിശദീകരണ പത്രിക നൽകാനും പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. സിബിഐക്ക് നോട്ടീസ് അയക്കാനും നിർദേശിച്ചിട്ടുണ്ട്.
എന്നാൽ അന്വേഷണം കൃത്യമായാണ് നടക്കുന്നതെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സർക്കാർ നിലപാട്. നവീൻ ബാബുവിനെ കൊലപ്പെടുത്തിയതാകാമെന്ന സംശയവും ഭാര്യ മഞ്ജുഷ ഹർജിയിൽ ഉന്നയിക്കുന്നുണ്ട്. പല നിർണായക തെളിവുകളും പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചിട്ടില്ലെന്നും തെളിവുകൾ ഒളിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.
സിപിഎം നേതാവും ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള ആളുമായ പ്രതി പി.പി. ദിവ്യയെ സംരക്ഷിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ ശ്രമമെന്നും ഹർജിക്കാരി ആരോപിക്കുന്നു.