റാന്നി : മൊബൈൽ ടവറിൽ നിന്നും ബാറ്ററികളും കേബിളും മോഷ്ടിച്ച കേസിൽ ആക്രി പെറുക്കുന്ന സ്ത്രീ ഉൾപ്പെടെ നാലുപേരെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് തെങ്കാശി ആയാൽ പെട്ടി മേലെ നീലിത നല്ലൂർ മുടി കണ്ടത്ത് തേവർ വീട്ടിൽ മുത്ത് വീര പുത്തേവർ മകൾ കാമാത്ത (65), തെങ്കാശി വി കെപുത്തൂർ കിലകലങ്ങൽ പഞ്ചായത്ത് തെരുവ് തെക്ക് തെരുവ് വീട്ടിൽ മുരുകന്റെ ഭാര്യ ലക്ഷ്മി (55), തെങ്കാശി മർക്കാക്കുളം പി ഓയിൽ നടുത്തെരുവിൽ വീട്ടിൽ അരുണാതല പാണ്ഡ്യന്റെ മകൻ മരുത പാണ്ഡ്യൻ(44), തെങ്കാശി വി കെപുത്തൂർ കിലകലങ്ങൽ മേലെ തെരുവ് 3/161 മേലെ തെരുവ് വീട്ടിൽ ചെല്ലദുരൈയുടെ മകൻ സെന്തമിഴൻ(27) എന്നിവരാണ് പിടിയിലായത്.
നെല്ലിക്കമൺ ഇൻഡസ് ടവർ ഷട്ടറിൽ നിന്നും ഈ മാസം 15ന് രാവിലെ ആക്രി സാധനങ്ങൾ പൊറുക്കിയ ഒന്നാംപ്രതി കാമാത്ത 15 ബാറ്ററികളും ഒരു കേബിളും മോഷ്ടിച്ചതായി കമ്പനിയുടെ സെക്യൂരിറ്റി ഓഫീസറായ കുമ്പഴ വേങ്ങനിൽക്കുന്നതിൽ ജോർജ് തോമസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റാന്നി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.ആകെ 75000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
20 ന് എസ് ഐ ആർ. ശ്രീകുമാർ കേസ് അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം മോഷ്ടാക്കളെപ്പറ്റിയുള്ള അന്വേഷണം വ്യാപകമാക്കിയിരുന്നു.
തുടർന്ന് വൈകിട്ട് ആറുമണിയോടെ നെല്ലിക്കമൺ ഭാഗത്ത് സംശയകരമായ സാഹചര്യത്തിൽ തമിഴ്സ്ത്രീ കയ്യിൽ ചുവപ്പ് നിറത്തിലുള്ള കേബിളുമായി അലഞ്ഞുതിരിഞ്ഞു നടക്കുന്നതായി നാട്ടുകാർ അറിയിച്ചതിനെതുടർന്ന് വനിതാ പോലീസ് ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി ഇവരെ ചോദ്യം ചെയ്തു. പോലീസിനോട് പരസ്പര വിരുദ്ധമായ രീതിയിൽ മറുപടി നൽകിയ ഇവരെ കസ്റ്റഡിയിലെടുത്ത്.
പ്രതിയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പോലീസ് സംഘം ഇന്ന് രാവിലെ കടയിലെത്തി ബാറ്ററികൾ കണ്ടെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. റാന്നി പോലീസ് ഇൻസ്‌പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ കുടുക്കിയത്.