തിരുവല്ല: വിവാഹിതയായ ഗര്‍ഭിണിയ്ക്ക് 27 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാൻ കേരളാ ഹൈക്കോടതി അനുമതി നല്‍കി. തിരുവല്ലാ സ്വദേശിനിയായ 19കാരിയ്ക്കാണ് ഇപ്രകാരം അനുവാദം നല്‍കിയത്. 2023 മെയ് 20 നാണ് പെൺകുട്ടി വിവാഹിതയായത്. ഒക്ടോബര്‍ 29 ന് ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍ പരിശോധനയിലൂടെ കണ്ടെത്തി.
എന്നാല്‍ സ്‌കാനിങ്ങിൽ ഗര്‍ഭ സ്ഥശിശുവിന്റെ തലയ്ക്കും നടുവിനും മുഖത്തും അസ്വാഭാവികത്വം കണ്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിയ്ക്കല്‍ കോളജ് ആശുപത്രിയെ സമീപിച്ചപ്പോൾ ഭ്രൂണത്തിന് 27 ആഴ്ചയുടെ വളര്‍ച്ചയായതുകൊണ്ട് കോടതിയുടെ ഉത്തരവുണ്ടെങ്കില്‍ മാത്രമെ ഗര്‍ഭം അലസിപ്പിക്കാന്‍ സാധിയ്ക്കൂ എന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം കോട്ടയം മെഡിക്കല്‍ കോളജിലെ മെഡിയ്ക്കല്‍ ബോര്‍ഡില്‍ ഗര്‍ഭിണിയെ ഡോക്ടര്‍മാര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് കോടതിയ്ക്ക് കൈമാറി. ഇന്‍ഡ്യന്‍ ഭരണഘടന, Medi- cal Termination of Pregnancy Act -1971 എന്നിവയുടെ അടിസ്ഥാനത്തിലും സുപ്രീംകോടതിയുടെ 2009 വിധിന്യായങ്ങളുടെ വെളിച്ചത്തിലും ഗര്‍ഭം അലസിപ്പിക്കാന്‍ ഹര്‍ജിക്കാരായ ദമ്പതികള്‍ക്ക് അനുവാദം നല്‍കുകയാണുണ്ടായത്.
പ്രസവം നടന്നാല്‍ തന്നെ കുട്ടിയുടെ തലച്ചോറിനും നട്ടെല്ലിനും ഗുരുതരമായ അംഗവൈകല്യം ഉളളതു കൊണ്ട് കുട്ടിയുടെ ജീവന്‍തന്നെ അപകടത്തില്‍ ആകാന്‍ സാദ്ധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. ഗര്‍ഭാവസ്ഥ അവസാനിപ്പിയ്ക്കാന്‍ ഭ്രൂണത്തിന് 24 ആഴ്ച കാലാവധി മാത്രമെ നിയമം അനുവദിയ്ക്കുകയുളളു. 27 ആഴ്ച പൂര്‍ത്തിയായതുകൊണ്ട് കോടതിയുടെ അനുമതി വേണമെന്നായിരുന്നു മെഡിയ്ക്കല്‍ കോളജ് അധികൃതര്‍ അഭിപ്രായപ്പെട്ടത്. ഗര്‍ഭിണിയാകണമെന്നോ ഗര്‍ഭം അലസിപ്പിക്കണമെന്നോ എന്നുളളത് ഒരു സ്ത്രീയുടെ മാത്രം അവകാശമാണെന്ന് കോടതി വിധിന്യായത്തിലൂടെ ജസ്റ്റീസ് കൗസർ എടപ്പഗത് വ്യക്തമാക്കി.
ഹൈക്കോടതിയ്ക്ക് വേനല്‍ക്കാല അവധിയാണ്. ശനിയാഴ്ച ഹൈക്കോടതി പ്രവര്‍ത്തിക്കുന്നതല്ല- എങ്കിലും കേസിന്റെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പ്രത്യേക സിറ്റിംഗ് നടത്തിയാണ് വിധി പൂറപ്പെടുവിച്ചത്. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ.സുശാന്ത് ഷാജി ഹാജരായി