ആലപ്പുഴ: വേമ്പനാട് കായല്‍ പുനരുജ്ജീവന, സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തണ്ണീര്‍മുക്കം പഞ്ചായത്തില്‍ പ്ലാസ്റ്റിക് മുക്ത വേമ്പനാട് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഞായറാഴ്ച്ച രാവിലെ ആരംഭിച്ച ശുചീകരണ യജ്ഞത്തിലൂടെ 1643 കി. ഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കായലില്‍ നിന്നു നീക്കി.
ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍,സന്നദ്ധപ്രവര്‍ത്തകര്‍,മല്‍സ്യത്തൊഴിലാളികള്‍, എന്‍ എസ് എസ് വോളണ്ടിയര്‍മാര്‍, ഹരിതകര്‍മ്മസേന, കുടുംബശ്രീ പ്രവര്‍ത്തകര്‍, പഞ്ചായത്ത് ജീവനക്കാര്‍, തണ്ണീര്‍മുക്കം ഫെസ്റ്റ് സംഘാടകര്‍ എന്നിവര്‍ ഉള്‍പ്പെടെ 282 പേര്‍ ശുചീകരണത്തില്‍ പങ്കാളികളായി.
101 വള്ളങ്ങള്‍ ശുചീകരണത്തിന് ഉപയോഗിച്ചു. കണ്ണങ്കര ജെട്ടി, തണ്ണീര്‍മുക്കം ബോട്ടുജെട്ടി, കട്ടച്ചിറ എന്നീ മുന്ന് കേന്ദ്രങ്ങളിലാണ് ശുചീകരണം നടന്നത്. രാവിലെ ഏഴിന് കണ്ണങ്കരയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനന്‍ ശുചീകരണം ഉദ്ഘാടനം ചെയ്തു.
ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനകീയ പ്ലാസ്റ്റിക് മുക്ത വേമ്പനാട് മെഗാ കാമ്പയിനിന്റെ ആദ്യ ദിനമായ ശനിയാഴ്ച്ച ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ നിന്ന് 11087 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം നീക്കിയിരുന്നു.