തിരുവല്ല : ദേശീയപാതയെയും ടി കെ റോഡിനെയും ബന്ധിപ്പിക്കുന്ന തിരുമൂലപുരം – കറ്റോടു റോഡിലെ ഇരുവള്ളിപ്ര റെയിൽവേ അടിപ്പാതയിൽ വഴിവിളക്ക് സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ അടിപ്പാതയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
നിരവധി ആരാധനാലയങ്ങളും സ്കൂളുകളും ഉൾപ്പെടുന്ന ഈ പ്രദേശത്ത് വിദ്യാർത്ഥികൾ അടക്കം നൂറുകണക്കിനാളുകൾ നിത്യേന കടന്നുപോകുന്ന ഈ അടിപ്പാതയിൽ നട്ടുച്ചയ്ക്ക് പോലും ഇരുട്ടാണ്. ഇവിടം കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധ ശല്യവും ഏറിയിട്ടുണ്ട്.
അടിപ്പാതയിൽ വൈദ്യുതിവിളക്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ റെയിൽവേക്കും മുൻസിപ്പാലിറ്റിയ്ക്കും നിവേദനം നൽകിയിരുന്നു. രണ്ടുവർഷം മുമ്പ് കൊല്ലത്തു നിന്നുള്ള റെയിൽവേ ഇലക്ട്രിക്കൽ സെക്ഷൻ ഉദ്യോഗസ്ഥർ സ്ഥലത്ത് വരികയും വൈദ്യുതിവിളക്ക് സ്ഥാപിക്കുന്നതിന് നഗരസഭയ്ക്ക് അനുമതി നൽകിയിരുന്നു.
എന്നാൽ കാലം ഇത്രയും ആയിട്ടും റെയിൽവേയോ നഗരസഭയോ വൈദ്യുതിവിളക്ക് സ്ഥാപിക്കുന്നതിന് താൽപര്യം കാണിക്കാത്തതിന് തുടർന്നാണ് നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. നാട്ടുകൂട്ടം ജനറൽ കോഡിനേറ്റർ സോജ കാർലോസിന്റ് അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ജ്വാല പൊതുപ്രവർത്തകർവി. ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു.
നാട്ടുകൂട്ടം ഭാരവാഹികളായ ഷിബു ഫിലിപ്പ്, എബി പീറ്റർ, സാൻസി ജേക്കബ്, സോമൻ പി വി, ഫിലിപ്പ് എബ്രഹാം, രാജൻ ഗീവർഗീസ്, ആന്റണി ലാസർ, രവീന്ദ്രൻ എ കെ, ഷൈനി ബിജു, മുരളി ദിവാകരൻ, നിഷാമണി, കുഞ്ഞൂഞ്ഞമ്മ വർക്കി, ജോയി വർഗീസ്, തോമസ് ബേബി, ബാബു തോമ്മി, അച്ചൻകുഞ്ഞ് തോമസ് എന്നിവർ പ്രസംഗിച്ചു.