ആലപ്പുഴ: നിർമ്മാണം പൂർത്തീകരിച്ച കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്(കെ.എസ്.ഇ.ബി) അമ്പലപ്പുഴ സെക്ഷൻ ഓഫീസിൻ്റെയും സബ് ഡിവിഷൻ ഓഫീസിൻ്റെയും ഉദ്ഘാടനം ഫെബ്രുവരി 28ന് പകൽ മൂന്ന് മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിക്കും.
ഇരു നിലകളിലായി 2300 ചതുരശ്രയടിയിൽ അമ്പലപ്പുഴ കച്ചേരി മുക്കിന് സമീപമാണ് ഓഫീസ് നിർമിച്ചത്. ദേശീയപാതക്ക് സ്ഥലം വിട്ടുനൽകിയതോടെ അസൗകര്യങ്ങൾ വർധിച്ചതും കാലപ്പഴക്കമേറിയതുമായ കെട്ടിടം പൊളിച്ചുനീക്കിയാണ് പുതിയത് നിർമിച്ചത്. താഴത്തെ നിലയിൽ 1200 ചതുരശ്രയടിയിൽ സൂപ്രണ്ട് ഓഫീസ്, അസിസ്റ്റൻ്റ് എഞ്ചിനീയർ, സബ് എഞ്ചിനീയർ ഓഫീസുകൾ, സ്റ്റോർ, റെക്കോർഡ് മുറികൾ, ക്യാഷ് കൗണ്ടർ, അന്വേഷണ കൗണ്ടർ, ശുചിമുറി എന്നിവയും മുകളിലെ 1100 ചതുരശ്രയടിയിൽ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസ്, ജീവനക്കാർക്കുള്ള വിശ്രമമുറി എന്നിവയുമാണുള്ളത്.
68 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൻ്റെ വിവിധ വാർഡുകൾ, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത്, പുറക്കാട് പഞ്ചായത്തിൻ്റെ തെക്കേ അറ്റമായ തോട്ടപ്പള്ളി എന്നിവിടങ്ങളിലെ 36000 ത്തിലധികം ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാകുന്നതിന് പുതിയ ഓഫീസിൻ്റെ പ്രവർത്തനം സഹായകരമാകും. ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനാകും. കെ സി വേണുഗോപാൽ എംപി മുഖ്യതിഥിയാകും.