തിരുവല്ല : പഴമക്കാരും പുതുമക്കാരും കുടുംബശ്രീ മേളയായ വടക്കിനിയിൽ ഒരേ പോലെ ചോദിച്ചു വാങ്ങുന്ന ഐറ്റമാണ് കപ്പയും ചേനയും കാച്ചിലും വെട്ടു ചേമ്പും മധുര കിഴങ്ങും ഒക്കെ ചേർന്ന പഴമയുടെ ഗൃഹാതുരത്വം ഉണർത്തുന്ന വെറൈറ്റി പുഴുക്ക്. പ്രായമായവർ പലരും തങ്ങളുടെ പ്രിയപ്പെട്ട പുഴുക്ക് പാർസൽ ആയും വാങ്ങിക്കൊണ്ടു പോകുന്നുണ്ട്.’ഉപ്പും മഞ്ഞളും ചേർത്ത് ആവിയിൽ പുഴുങ്ങുന്നതാണ് രീതി. കൂടെ സൈഡിൽ തൊട്ടു കൂട്ടാൻ നല്ല എരിവുള്ള കാന്താരി ചമ്മന്തിയും തൈര് ചമ്മന്തിയും.തിരുവാതിര സമയത്ത് ഉണ്ടാക്കുന്ന തിരുവാതിര പുഴുക്കുമായി സാമ്യമുള്ള പഞ്ചമൂല പുഴുക്ക് മായം ചേർക്കാതെ തനതായ രീതിയിൽ തയാറാക്കുന്നതിനാൽ നിരവധി ഔഷധ ഗുണങ്ങളുമുണ്ട്. ജില്ലയിലെ കടപ്ര സി ഡി എസിൽ നിന്നെത്തിയ യുവ സംരംഭാകരായ ആദിത്യ,റോജ, വൈഷ്ണവി എന്നിവരാണ് പഞ്ചമൂലപ്പുഴുക്കുമായി എത്തിയിരിക്കുന്നത്. ഒരു പ്ലേറ്റിനു 100 രൂപയാണ്. പുഴുക്കിന് പുറമേ നല്ല കള്ളപ്പവും പോത്തുലർത്തും കിട്ടും . 150 രൂപയാണ് ഒരു പ്ലേറ്റിന് .
സന്ദർശകരുടെ മനം കവരുന്ന മറ്റൊരു വിഭവമാണ് കരിംജീരക കോഴിയും ബട്ടൂരയും. കരിംജീരകത്തിൽ പൊതിഞ്ഞു എണ്ണയിൽ കുളിച്ച് വർത്തു കോരുന്ന ഈ വിഭവത്തിനും തിക്കും തിരക്കുമാണ്.ജീരക കോഴി എന്നും അറിയപ്പെടുന്ന കരിംജീരക കോഴി, ഒരു പരമ്പരാഗത കേരള വിഭവമാണ്, പ്രത്യേകിച്ച് മലബാർ ജീരക ചിക്കൻ പാചകക്കുറിപ്പ് ഏറെ പ്രശസ്തമാണ്. രുചികരമായ വിഭവം ചിക്കൻ, കരിജീരകം, മസാലകൾ എന്നിവയുടെ മിശ്രിതം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. സവിശേഷമായ സൌരഭ്യവും രുചിയും നൽകുകയും രുചിയോടൊപ്പം ആരോഗ്യപരമായ ഗുണങ്ങളുമുണ്ട്, പ്രത്യേകിച്ച് പുതിയ അമ്മമാർക്ക്. ഈ വിഭവം പോഷകങ്ങളാൽ സമ്പുഷ്ടമാണ്, മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനും പ്രസവശേഷം വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു.കൂടെ കഴിക്കാൻ ബട്ടൂരയും ചേർത്ത് ഒരു പ്ലേറ്റിനു 200 രൂപയാണ്.
ഉച്ചയ്ക്ക് രണ്ടുമണി മുതൽ ചലനം മെന്റർഷിപ് പ്രോഗ്രാമിന്റെ ഭാഗമായി തിരുവല്ല വെസ്റ്റ് സിഡിഎസിൽ കുടുംബശ്രീയുടെ വിവിധ മേഖലകളിൽ വിജയം കൈവരിച്ചവരെ ആദരിക്കുകയും സർട്ടിഫിക്കറ്റ് വിതരണം നടത്തുകയും റിപ്പോർട്ട് അവതരണം നടത്തുകയും ചെയ്തു.രാത്രി 7 മണി മുതൽ പിറവി മ്യൂസിക് ബാൻഡിന്റെ ഫോക്ക് മ്യൂസികും നടന്നു .രാവിലെ 11 മുതൽ രാത്രി 11 വരെയാണ് മേളയുടെ പ്രവർത്തന സമയം. ഭക്ഷണം ആസ്വദിക്കുന്നതിനോടൊപ്പം രാവിലെ മുതൽ കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ദിവസേന നടന്നു വരുന്നു.