കോട്ടയം : കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറ്റുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ കോട്ടയം ജില്ല വഴികാട്ടിയായിരിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ജില്ലാ ആസൂത്രണസമിതി മന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തെ അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി കോട്ടയത്തെ പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അതിദാരിദ്ര്യത്തിൽ കഴിയുന്നവരെ അതിൽനിന്ന് മോചിപ്പിക്കുമ്പോഴേ അവർക്ക് യഥാർഥ സ്വാതന്ത്ര്യം കിട്ടിയതായി പറയാൻ കഴിയൂ എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു പ്രസംഗിച്ച സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അതിദരിദ്രർ ഇല്ലാത്ത കോട്ടയമെന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ പരിശ്രമിച്ച ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി അഭിനന്ദനമറിയിച്ചു.
അതിദാരിദ്ര്യ നിർമാർജനത്തിൽ ജില്ലയുടെ നേട്ടങ്ങൾ വിശദീകരിക്കുന്ന സ്മരണിക മന്ത്രി എം.ബി. രാജേഷ് മന്ത്രി വി.എൻ. വാസവന് നൽകി പ്രകാശനം ചെയ്തു.ജില്ലാ കളക്ടർ ജോൺ വി. സാമുവൽ റിപ്പോർട്ട് അവതരിപ്പിച്ചു.