ആലപ്പുഴ: ജനതയുടെ സ്വപ്‌നത്തിന് ചിറകേകി പുന്നമട – നെഹ്റു ട്രോഫി പാലത്തിന്റെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 57.12 കോടി രൂപ വിനിയോഗിച്ച് ഊരാളുങ്കൽ ലേബർ സർവീസ് സൊസൈറ്റിയാണ് പാലം നിർമ്മിക്കുന്നത്. പാലത്തിനായുള്ള പൈലിംങ്, പൈൽ ക്യാപുകൾ, പിയറുകൾ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത് . 34 പൈലുകളും , ഒമ്പത് പൈൽ ക്യാപുകളും 14 പിയറുകളും നിലവിൽ പൂർത്തീകരിച്ചുകഴിഞ്ഞു.
സാധാരണക്കാരായ കർഷക തൊഴിലാളികളും കൂലിപ്പണിക്കാരും ഉൾപ്പെടെയുള്ള അറുന്നൂറോളം കുടുംബങ്ങൾ നാളുകളായി അനുഭവിക്കുന്ന യാത്രാദുരിതത്തിന് തന്റെ മണ്ഡലത്തിൽ പുതിയ പാലം യാഥാർത്ഥ്യമാകുന്നതോടെ പരിഹാരമാകുമെന്ന് പി. പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു.
ജില്ലയിലെ പ്രധാന കായൽ ടൂറിസം മേഖലയായ പുന്നമട കായലിലൂടെയുള്ള ഹൗസ് ബോട്ട് ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ ജലപാതയ്ക്ക് തടസം വരാത്ത വിധം ഇൻ ലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശങ്ങൾ പാലിച്ചു കൊണ്ടാണ് പാലത്തിന്റെ ഡിസൈൻ തയ്യാറാക്കിയിട്ടുള്ളത്. 384.1 മീറ്റർ നീളമുള്ള പാലത്തിന് 12 മീറ്റർ നീളമുള്ള 25 സ്പാനുകളും 72.05 മീറ്ററിന്റെ ബോ സ്ട്രിംഗ് ആർച്ച് മാതൃകയിലുള്ള ജല ഗതാഗത സ്പാനും ആണുള്ളത്. കൂടാതെ ഇരു കരകളിലുമായി 110 മീറ്റർ അപ്രോച്ച് റോഡും നിർമ്മിക്കും. റോഡ് നിർമ്മിക്കാനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇതിനായി 7.99 രൂപയാണ് ചെലവഴിച്ചത്.
ആലപ്പുഴ നഗരസഭയിലെ പുന്നമട വാർഡിനെയും നെഹ്റു ട്രോഫി വാർഡിനെയും ബന്ധിപ്പിക്കുന്ന ഈ പാലം നഗരത്തിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുന്ന നെഹ്റു ട്രോഫി മുനിസിപ്പൽ വാർഡ് നിവാസികളുടെയും കൈനകരി പഞ്ചായത്തിലെ നടുത്തുരുത്ത് പ്രദേശവാസികളുടെയും യാത്ര ദുരിതം ഇല്ലാതാക്കുവാനും പ്രദേശത്തെ ടൂറിസം സാധ്യതകൾ വികസിപ്പിക്കാനും ലക്ഷ്യം വെച്ചാണ് വിഭാവനം ചെയ്തിരിക്കുന്നത്.
കൂടാതെ തണ്ണീർമുക്കം ആലപ്പുഴ റോഡിൽ നിന്നും ആലപ്പുഴ ടൗണിൽ കയറാതെ എ.സി. റോഡിൽ എത്താനും ആലപ്പുഴ ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുമായി നിർമിക്കാൻ പദ്ധതിയിടുന്ന പള്ളാത്തുരുത്തി കിഴക്കൻ ബൈപ്പാസിന്റെ അലൈന്മെന്റിൽ ഉൾപ്പെടുന്നതാണ് പുന്നമട പാലം.