ആലപ്പുഴ : വികസന സദസ്സിലൂടെ ജനാധിപത്യത്തിന്റെ പുതിയ മുഖമാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതെന്ന് കൃഷി വകുപ്പു മന്ത്രി പി പ്രസാദ് പറഞ്ഞു. ചേര്‍ത്തല നഗരസഭ ടൗൺ ഹാളിൽ നടന്ന ചേർത്തല നഗരസഭ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന് മാതൃകയാകാവുന്ന നിരവധി പദ്ധതികൾ ചേർത്തല നഗരസഭ നടപ്പിലാക്കിയെന്നും മന്ത്രി പറഞ്ഞു.
ലൈഫ് പദ്ധതി വഴി ഭവനരഹിത ഗുണഭോക്താക്കളിൽ 894 പേർക്ക് വീട് പൂർത്തീകരിച്ചു നല്‍കിയതായും ടൗൺ ഹാൾ നവീകരണം, ആഞ്ഞിലി പാലം, സെന്റ് മേരിസ് പാലം എന്നിവയുടെ നിർമാണം പൂര്‍ത്തിയാക്കിയതായും സദസ്സില്‍ അവതരിപ്പിച്ച വികസന റിപ്പോർട്ടിൽ ചൂണ്ടികാട്ടി. നഗരസഭാ പ്രദേശത്തെ കുടിവെള്ള പ്രശ്നം പൂർണമായും പരിഹരിക്കാൻ കഴിഞ്ഞു. ഇതിനായി 7 കോടി രൂപ ചെലവഴിച്ചു. ചേലൊത്ത ചേർത്തല 1.0, 2.0, സേവ് എ എസ് കനാൽഎന്നിങ്ങനെ വേറിട്ട പദ്ധതികൾ ഏറ്റെടുത്ത് വിജയകരമാക്കി.
മാലിന്യ സംസ്കരണം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം,ഭിന്നശേഷി വയോജന പദ്ധതികൾ തുടങ്ങി എല്ലാ മേഖലകളിലും കഴിഞ്ഞ അഞ്ചു വർഷക്കാലം നഗരസഭ നടപ്പിലാക്കിയ വിവിധ ക്ഷേമവികസന പദ്ധതികൾ സദസ്സിൽ അവതരിപ്പിച്ചു.
ചടങ്ങിൽ ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷയായി.






