തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ.വാസുവിനെ എസ് ഐ ടി ചോദ്യം ചെയ്തു.റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എന്‍ വാസുവിനെ ചോദ്യം ചെയ്തത് .എസ്പി ശശിധരനാണ് മൊഴി രേഖപ്പെടുത്തിയത്.2019 ൽ ദേവസ്വം ബോർഡ് കമ്മീഷണറും പ്രസിഡന്റുമായിരുന്ന എന്‍ വാസുവിന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇ-മെയില്‍ വന്നതിനെക്കുറിച്ച് സംശയങ്ങൾ ഉയർന്നിരുന്നു.
ശബരിമലയില്‍ സ്വര്‍ണപ്പാളി കടത്തിക്കൊണ്ടുപോയ സംഭവം നടക്കുമ്പോള്‍ എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു നേരത്തെ അറസ്റ്റിലായ സുധീഷ് കുമാര്‍. പിന്നീട് എന്‍ വാസു പ്രസിഡന്റായപ്പോള്‍ അദ്ദേഹത്തിന്റെ പിഎ ചുമതലയിലേക്കും സുധീഷ് എത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഗൂഢാലോചന സംബന്ധിച്ച എന്‍ വാസുവിലേക്കും എത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് സംബന്ധിച്ച് എന്‍ വാസുവിനോ അദ്ദേഹത്തിന്റെ ഓഫീസിനോ അറിവുണ്ടായിരുന്നോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
ശബരിമല ശ്രീകോവിലിലെ കട്ടിളപാളി, ദ്വാരപാലക ശില്പങ്ങള്‍ എന്നിവയിലെ സ്വര്‍ണ്ണം അപഹരിച്ച രണ്ട് കേസുകളിലും പ്രതിയാണ് അടൂര്‍ സ്വദേശിയായ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍. സുപ്രധാന ചുമതലയിലിരുന്ന സുധീഷ്‌കുമാര്‍ ബോധപൂര്‍വ്വം ഈ വീഴ്ചകള്‍ വരുത്തിയത് തട്ടിപ്പിന് വേണ്ടിയെന്നാണ് എസ്‌ഐടിയുടെ നിലപാട്. കൂടുതല്‍ ചോദ്യം ചെയ്യലിനായി സുധീഷ്‌കുമാറനെ ഇന്ന് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും.






