ശബരിമല: ശബരിമല സ്വർണാപഹരണ കേസിൽ എസ് ഐ ടി യുടെ തെളിവ് ശേഖരണം പൂർത്തിയായി. ശ്രീകോവിലിന്റെ മൂന്നു വശങ്ങളിലെയും തൂണുകളിലെ സ്വർണ്ണപ്പാളികള്‍ അഴിച്ചാണ് പരിശോധന നടത്തിയത്. ദ്വാരപാലക ശിൽപത്തിലെ പീഠവും പരിശോധനയ്ക്കായി ശേഖരിച്ചു. സ്വർണ്ണപ്പാളികളുടെ അളവും തൂക്കവും ഗുണനിലവാരവുമാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കുന്നത്. രാസ പരിശോധനയ്ക്ക് ഒരു സെന്റീമീറ്റർ വ്യാപ്തിയിലാണ് സ്വർണം ശേഖരിച്ചത്.
അതേസമയം സ്വർണാപഹരണവുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന് എതിരെ കുരുക്ക് മുറുകുന്നു.ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് പത്മകുമാർ സഹായം നല്‍കാൻ നിർബന്ധിച്ചതായുള്ള മൊഴി എസ് ഐ ടിക്ക് ലഭിച്ചു. അക്കാലത്തെ ദേവസ്വം ജീവനക്കാരാണ് മൊഴി നല്‍കിയത്.
ശബരിമല ഗസ്റ്റ് ഹൗസുകളില്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒന്നിലധികം മുറികള്‍ നല്‍കി. പോറ്റി ഉപയോഗിച്ചിരുന്നത് പ്രസിഡൻ്റിന് അനുവദിച്ചിരുന്ന മുറിയാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. പൂജകള്‍ ബുക്ക് ചെയ്യുമ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നു എന്ന് 2019ൽ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ മൊഴി നൽകി. സന്നിധാനത്ത് നട അടച്ചിടുന്ന സമയത്ത് പോലും ഉണ്ണികൃഷ്ണൻ പോറ്റി എത്തിയെന്നും മൊഴിയിലുണ്ട്






