കോഴഞ്ചേരി : അപകടത്തിൽ പരുക്കേറ്റ യുവാവിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിച്ച ആളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തിരുവല്ല – കുമ്പഴ സംസ്ഥാന പാതയിൽ കാരംവേലിയിൽ ആണ് കഴിഞ്ഞ രാത്രിയിൽ ബൈക്കപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ നെല്ലിക്കാല സ്വദേശി സുധീഷ് എന്ന 17 വയസുകാരൻ മരിച്ചു.
സുധീഷിനെ പിന്നിൽ ഇരുത്തി ബൈക്ക് ഓടിച്ചിരുന്ന പത്തനംതിട്ട കുലശേഖരപതി സ്വദേശി സഹദിനെ ആണ് അപകട വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. സുധീഷിനെ സഹദ് വീട്ടിൽ നിന്ന് രാത്രിയിൽ വിളിച്ചിറക്കി ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്ന് നാട്ടുകാർ പൊലീസിനോടു പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ആറന്മുള പൊലീസ് അറിയിച്ചു