തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം നാളെ മുതൽ 18 വരെ 25 വേദികളിലായി 250 ഇനങ്ങളിൽ 15,000 ത്തോളം കലാപ്രതിഭകൾ പങ്കെടുക്കും.
കൗമാര കലാമേളയുടെ ഉദ്ഘാടനം 14ന് രാവിലെ 10 മണിക്ക് തേക്കിൻക്കാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.രാവിലെ ഒമ്പത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ് പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗിക തുടക്കമാകും.
തൃശൂരിന്റെ പൂരപ്രൗഢി വിളിച്ചോതുന്ന രീതിയിൽ പാണ്ടി മേളവും, 64-ാം കലോത്സവത്തെ സൂചിപ്പിച്ചു 64 കുട്ടികൾ അണിനിരക്കുന്ന വർണാഭമായ കുടമാറ്റവും നടക്കും. പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും.കലോത്സവം സ്വാഗത സംഘം ചെയർമാൻ കൂടിയായ റവന്യൂ മന്ത്രി കെ രാജൻ സ്വാഗതം ആശംസിക്കും.
‘ഉത്തരവാദിത്വ കലോത്സവം’ സംബന്ധിച്ച വിശദീകരണം പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകി നൽകും. ഉദ്ഘാടന വേദിയിൽ പതിനായിരത്തോളം കുട്ടികളെയാണ് പ്രതീക്ഷിക്കുന്നത്. ഉത്തരവാദിത്വ കലോത്സവം എന്നതാണ് ഇത്തവണത്തെ കലോത്സവത്തിന്റെ ആപ്തവാക്യം. കലോത്സവത്തിൻ്റെ സ്വാഗത ഗാനം ബി. കെ ഹരിനാരായണനാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ സ്വാഗത ഗാനത്തിൻ്റെ അവതരണം ഉണ്ടാകും. കലോത്സവത്തിന്റെ തീം സോങ് പാലക്കാട് പൊറ്റശ്ശേരി സ്കൂളിലെ വിദ്യാർഥികളാണ് ഒരുക്കിയിട്ടുള്ളത്. പൂർണമായും ഹരിതചട്ടം പാലിച്ചുകൊണ്ടായിരിക്കും കലോത്സവം അരങ്ങേറുക.
കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി എന്നിവർ മുഖ്യാതിഥികളാകും.






