ആലപ്പുഴ: സ്ത്രീകൾ, പാർശ്വവത്കരിക്കപ്പെടുന്നവർ, ന്യൂനപക്ഷങ്ങൾ എല്ലാവരും ജനാധിപത്യത്തിന്റെ ഏറ്റവും പ്രമുഖമായ ഇടങ്ങളിൽ ഉണ്ട് എന്ന് ഉറപ്പുവരുത്താൻ കഴിയണമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. ഫാസിസത്തിന്റെ കടന്നുവരവ് ഉന്നതമായ ഭരണഘടനാ മൂല്യങ്ങളെ ദുർബലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 77ാമത് റിപ്പബ്ലിക് ദിനത്തിൽ ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ ദേശീയ പതാക ഉയർത്തിയ ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു മന്ത്രി.
ഫെഡറലിസം എന്നത് ഇന്ത്യയുടെ ആത്മാവ് തന്നെയാണ്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ ജന്മി കുടിയാൻ ബന്ധമല്ല അവിടെ പ്രകടമാകേണ്ടത്. സംസ്ഥാനം എന്ന് പറയുന്നത് യാചകന്റെ വേഷം കെട്ടലല്ല എന്ന ചിന്തയാണ് ഭരണരംഗത്തുള്ളവരുടെ മനസ്സുകളിൽ ഉണ്ടാകേണ്ടത്. ഉന്നതമായ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ശക്തമായ ഒരു തൊഴിലാളിവർഗം ആലപ്പുഴയിൽ ഉണ്ടായിരുന്നു.
നീതിക്കായി സടകുടഞ്ഞ് എഴുന്നേറ്റ തൊഴിലാളികളുടെയും കർഷകരുടെയും പവിത്രമായ മണ്ണാണ് ജില്ലയുടേത്. ഭരണഘടന എന്നത് ഒരു നിയന്ത്രണരേഖയല്ല. ഭരണഘടന ഒരു നാടിന്റെ പ്രധാനപ്പെട്ട കടമയെയും ഉത്തരവാദിത്തത്തെയും ഓർമപ്പെടുത്തുന്ന ഒന്നാണെന്ന് മന്ത്രി പറഞ്ഞു.
ഭാരതം റിപ്പബ്ലിക് ആയി മാറിയത് അസുലഭവും ഏറ്റവും സുപ്രധാനമായ കാര്യമായിരുന്നു. ഈ ദിനം ഇന്ത്യയുടെ സഹോദര്യത്തെയും സമത്വത്തെയും സ്വാതന്ത്ര്യത്തെയും ഉദ്‌ഘോഷിക്കുന്നതിന്റെ പ്രതിജ്ഞ പുതുക്കൽ ദിനം കൂടിയാണ്. ഭരണഘടനയുടെ ആദ്യത്തെ ‘നമ്മൾ’ എന്ന വാക്ക് ഓർമിപ്പിക്കുന്നത് സമത്വം, നീതി, സാഹോദര്യം എന്നിവ ഒരിക്കലും അപ്രത്യക്ഷമായിപ്പോകാൻ പാടില്ല എന്ന ചിന്തയാണ്.
ഭരണഘടന ഇല്ലാതായാൽ നമ്മൾ ഇല്ല. മാനവികത ഉയർത്തിപ്പിടിച്ചും മനുഷ്യസ്‌നേഹത്തിന്റെ മഹാസാഗരത്തെ മനസുകളിൽ ചേർത്തുവെച്ചും നമ്മൾ എല്ലാവർക്കുമായി നിലയുറപ്പിക്കുക എന്നതാണ് ഈ ദിനം നമ്മളെ ഓർമപ്പെടുത്തുന്നത് മന്ത്രി പറഞ്ഞു.
വേദിയിലെത്തിയ മുഖ്യാതിഥിയായ മന്ത്രിയെ ജില്ല കളക്ടർ അലക്സ് വർഗീസും ജില്ലാ പൊലീസ് മേധാവി എം.പി.മോഹന ചന്ദ്രനും ചേർന്ന് സ്വീകരിച്ചു. തുടർന്ന് പതാക ഉയർത്തിയ ശേഷം മന്ത്രി പരേഡ് പരിശോധിച്ചു.






