തിരുവനന്തപുരം: നടന്‍ ജയറാമിനെ വീണ്ടും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. ശബരിമലയിലെ കട്ടിളപ്പാളിയും ദ്വാരപാലക പാളികളും ജയറാമിന്റെ വീട്ടില്‍ എത്തിച്ച് നടത്തിയ പൂജകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തതവരുത്താനാണ് പ്രത്യേക അന്വേഷണ സംഘം വീണ്ടും നടനെ ചോദ്യം ചെയ്യുന്നത്.
2019 ജൂണില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നടന്ന ശബരിമലയിലെ കട്ടിളപ്പാളിയുടെ പൂജയിലും സെപ്തംബറില്‍ ജയറാമിന്റെ വീട്ടില്‍ വെച്ച് നടന്ന ദ്വാരപാലക പാളികളുടെ പൂജയിലും നടന്‍ ജയറാം സജീവമായി പങ്കെടുത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കൃത്യമായ ഓര്‍മ്മയില്ലാത്തതിനാല്‍ ഈ രണ്ടു പൂജകളും ഒരു ദിവസം നടന്നു എന്നാണ് ജയറാം മൊഴിനല്‍കിയിരുന്നത്.
എന്നാല്‍ ഇത് വേറെ വേറെ ദിവസങ്ങളിലായാണ് നടന്നത് എന്നാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴികള്‍ പറയുന്നത്. ഇതില്‍ വ്യക്തത വരുത്താനാണ് പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുക. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ നിര്‍ദേശപ്രകാരമാണ് ജയറാം സ്മാര്‍ട്ട് ക്രിയേഷന്‍സിലെ പൂജയില്‍ പങ്കെടുത്തത്.
പിന്നീട് ശബരിമലയിലേക്ക് കൊണ്ടുപോകുംവഴി വീണ്ടും വീട്ടിലെത്തിച്ച് പൂജ നടത്തി എന്നാണ് ജയറാം നല്‍കിയ മൊഴി. ദ്വാരപാലക പാളികള്‍ ജയറാമിന്റെ വീട്ടില്‍ വെച്ച് പൂജിക്കുന്നതിന്റെ ഫോട്ടോകളാണ് പുറത്തുവന്നിരിക്കുന്നത്. ദ്വാരപാലകപാളികള്‍ ചീത്തയാവാതിരിക്കാന്‍ ജയറാമിന്റെ വീട്ടില്‍ വെച്ചാണ് ഇവ പലകയില്‍ അടിച്ചതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ മൊഴിയിലുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ജയറാമില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.






