പത്തനംതിട്ട : കേരളത്തിലെ കോൺഗ്രസിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ഉന്നയിച്ച പരാതിയിൽ ഹൈക്കമാൻഡ് തലത്തിൽ തുടർനടപടി വൈകുന്നു. സംസ്ഥാന കോൺഗ്രസിലെ ഭിന്നത പരിഹരിക്കുന്നതിനായി കൂട്ടായ ചർച്ച നടത്തുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച് വ്യക്തമായ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.
പരാതി സംബന്ധിച്ച് ഹൈക്കമാൻഡ് കൂടുതൽ വിവരങ്ങൾ തേടിയാൽ മുഖ്യമന്ത്രി മറുപടി നൽകുമെന്നാണ് നിലവിലെ ധാരണ. മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിക്കെതിരെയും പാർട്ടി–സർക്കാർ ഏകോപനത്തിലെ പോരായ്മകൾക്കെതിരെയുമാണ് അടൂർ പ്രകാശ് പ്രധാനമായും പരാതി ഉന്നയിച്ചിരിക്കുന്നത്. മുന്നണിയിലും പാർട്ടിയിലും ആവശ്യമായ കൂടിയാലോചനകൾ നടത്താതെ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നുവെന്നും യു.ഡി.എഫ് കൺവീനറെന്ന നിലയിൽ തന്നെ പല തീരുമാനങ്ങളും അറിയിക്കുന്നത് മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ബോർഡ്, കോർപറേഷൻ നിയമനങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൂടിയാലോചന നടക്കുന്നില്ലെന്ന പരാതിയും അടൂർ പ്രകാശ് ഉന്നയിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനായും ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനെ ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായും നിയമിച്ച തീരുമാനങ്ങൾ മുന്നണിയിൽ ചർച്ച ചെയ്തില്ലെന്നതും പരാതിയിലെ പ്രധാന വിഷയങ്ങളാണ്.
ഖാർഗെയ്ക്ക് രേഖാമൂലം പരാതി പരസ്യമായി വിമർശനം ഉന്നയിച്ചതിന് പിന്നാലെ ഡൽഹിയിലെത്തിയ അടൂർ പ്രകാശ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തുകയും രേഖാമൂലം പരാതി നൽകുകയും ചെയ്തിരുന്നു. പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ ഖാർഗെയെ നേരിട്ട് ധരിപ്പിച്ചതായും അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു. പരാതി വായിച്ച ശേഷം ഖാർഗെ ചില കാര്യങ്ങൾ കുറിച്ചുവെച്ചതായും അതിനെ പരാതിക്ക് നേതൃത്വം പ്രാധാന്യം നൽകുന്നതിന്റെ സൂചനയായി കാണുന്നതായും അടൂർ പ്രകാശ് പറഞ്ഞിരുന്നു.
രാഹുൽ ഗാന്ധിയെ കാണാനും അടൂർ പ്രകാശ് ശ്രമിച്ചെങ്കിലും കൂടിക്കാഴ്ച നടന്നില്ല. തുടർന്ന് ഹൈക്കമാൻഡ് വിഷയത്തിൽ എന്ത് തീരുമാനമെടുക്കുമെന്ന കാത്തിരിപ്പിലാണ് അദ്ദേഹം. ഇന്ന് കേരളത്തിലേക്ക് മടങ്ങാനാണ് തീരുമാനം. സതീശനും സണ്ണി ജോസഫും ഡൽഹിയിൽ അടൂർ പ്രകാശിന്റെ പരാതിക്ക് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും ഡൽഹിയിൽ തുടരുകയാണ്.
ഇരുവരും ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിശദീകരിച്ചിട്ടുണ്ട്. പരാതിയിൽ ആവശ്യമായ വിവരങ്ങൾ തേടിയാൽ മറുപടി നൽകുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. അതേസമയം, അടൂർ പ്രകാശിനെതിരെ ഉടൻ നടപടിയെടുക്കണമെന്ന തരത്തിലുള്ള നീക്കവും സതീശൻ പക്ഷത്തിന്റെ ഭാഗത്തുനിന്ന് ഇപ്പോൾ ഉണ്ടായിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്.
അടൂർ പ്രകാശ് കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ പരസ്യ വിമർശനം അച്ചടക്കലംഘനമാണെന്ന നിലപാട് സതീശൻ അനുകൂല വിഭാഗത്തിനുണ്ട്. എന്നാൽ പരാതിയുടെ പേരിൽ അടൂർ പ്രകാശിനെതിരെ ഉടൻ നടപടിയെടുക്കുന്നതിനു പകരം വിഷയം സംഘടനാതലത്തിൽ പരിഹരിക്കാനുള്ള സാധ്യതയാണ് ഹൈക്കമാൻഡ് പരിഗണിക്കുന്നതെന്ന സൂചനകളും നേരത്തെ പുറത്തുവന്നിരുന്നു.





