പത്തനംതിട്ട: വടശ്ശേരിക്കര മണിയാറ്റ് പ്ലാസയ്ക്ക് സമീപം ഫ്രൂട്ട് സ്റ്റാളിൽ മോഷണം നടത്തിയ ആളെ പെരുനാട് പോലീസ് പിടികൂടി. കോട്ടയം എരുമേലി സ്വദേശി എരുതുവാ പുഴ അണിയറ ഹൗസിൽ സുമേഷ് മോഹനൻ (31) ആണ് പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാത്രിആണ് വടശ്ശേരിക്കരയിലെ ഫ്രൂട്സ് കടയിൽനിന്ന് ഇയാൾ 22,500 രൂപയും സിസിടിവിയുടെ വൈഫൈ മോഡവും, വാച്ച്, ബ്ലൂടൂത്ത് സ്പീക്കർ, ഒരു കത്തി എന്നിവ മോഷ്ടിച്ച് കടന്നത്.
മോഷണം നടന്ന സ്ഥലത്തുനിന്നും പ്രതിയുമായി ബന്ധിപ്പിക്കാവുന്ന തരത്തിലുള്ള ചില സൂചനകൾ പോലീസിന് ലഭിച്ചതാണ് വളരെ വേഗം പ്രതിയെ കണ്ടെത്താൻ പോലീസിന് സഹായകമായത്. പെരുനാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മിഥുൻ അശോക്, എസ് സി പി ഒ വിജേഷ്, സിപിഒ മാരായ അക്ഷയ് വേണു , അരുൺ എ എസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ എരുമേലിയിൽ നിന്നും പിടികൂടിയത്.
പ്രതി കോട്ടയം ജില്ലയിലെ എരുമേലി, കാഞ്ഞിരപ്പള്ളി, കോട്ടയം വെസ്റ്റ് തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും മോഷണ കേസുകളിലെ പ്രതിയും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമാണ് എന്ന് പോലീസ് പറഞ്ഞു. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





