അടൂർ:രോഗിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അനസ്തീഷ്യ വിദഗ്ധർ വഹിക്കുന്ന നിർണായക പങ്ക് ചർച്ചചെയ്ത് അടൂരിൽ അനസ്തീഷ്യ വിദഗ്ധരുടെ സെമിനാർ സംഘടിപ്പിച്ചു.ലോക അനസ്തീഷ്യ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യപരിപാലന രംഗത്ത് അനസ്തീഷ്യ വിദഗ്ധരുടെ പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു.ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നതിൽ സർജന്റെ വൈദഗ്ധ്യത്തോടൊപ്പം രോഗിയുടെ ശാരീരികവും മാനസികവുമായ സുരക്ഷ ഉറപ്പാക്കുന്ന അനസ്തീഷ്യ വിദഗ്ധരുടെ ഇടപെടലും അതീവ പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആധുനിക വൈദ്യശാസ്ത്രത്തിൽ സങ്കീർണമായ ശസ്ത്രക്രിയകൾ കൂടുതൽ സുരക്ഷിതമായി നടത്താൻ കഴിയുന്നതിനു പിന്നിൽ അനസ്തീഷ്യ ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം അനന്തപുരി ആശുപത്രി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ കൺസൾട്ടന്റ് ഡോ. സനീഷ് പി. ജെ. മുഖ്യപ്രഭാഷണം നടത്തി.
ലൈഫ് ലൈൻ അനസ്തീഷ്യോളജി വിഭാഗം മേധാവി ഡോ. രാംകുമാർ പി., മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ് ജോൺ, സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. ബി. പ്രസന്നകുമാരി, സീനിയർ കൺസൾട്ടന്റ് അനസ്തീഷ്യോളജിസ്റ്റ് ഡോ. ഹരിശങ്കർ എന്നിവർ പ്രസംഗിച്ചു.
ശസ്ത്രക്രിയയ്ക്കു മുമ്പുള്ള രോഗിയുടെ തയ്യാറെടുപ്പ്, ശസ്ത്രക്രിയയ്ക്കിടയിലെ സുരക്ഷിതമായ അനസ്തീഷ്യ പരിചരണം, ശസ്ത്രക്രിയയ്ക്കുശേഷമുള്ള വേദനാനിയന്ത്രണം, പെയിൻ മാനേജ്മെന്റ്, പാലിയേറ്റീവ് കെയർ തുടങ്ങിയ മേഖലകളിൽ അനസ്തീഷ്യ വിദഗ്ധർ വഹിക്കുന്ന ഉത്തരവാദിത്വങ്ങളെ കേന്ദ്രീകരിച്ചായിരുന്നു സെമിനാറിലെ ചർച്ചകൾ. സുരക്ഷിതമായ ശസ്ത്രക്രിയ, രോഗിയുടെ ജീവൻ സംരക്ഷിക്കൽ, ഫലപ്രദമായ വേദനാനിയന്ത്രണം, ശസ്ത്രക്രിയാനന്തര പരിചരണം എന്നിവയിൽ അനസ്തീഷ്യ വിദഗ്ധരുടെ നിർണായക പങ്കും ചർച്ചയായി.
കേരളത്തിലെ വിവിധ ആശുപത്രികളിൽ നിന്നായി 150-ലേറെ അനസ്തീഷ്യ വിദഗ്ധർ സെമിനാറിൽ പങ്കെടുത്തു.





