തിരുവല്ല : വള്ളംകുളത്ത് കച്ചവട സ്ഥാപനത്തിൻ്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന രണ്ട് പേർ പോലീസിന്റെ പിടിയിലായി. സ്കൂൾ – കോളേജ് വിദ്യാർത്ഥികൾക്ക് അടക്കം നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റു വന്നിരുന്ന വള്ളംകുളം കാവുങ്കൽ ഓടുവേലിൽ വീട്ടിൽ സോമൻ ( 70) , വള്ളംകുളം കളപ്പുരയ്ക്കൽ വീട്ടിൽ സോമേഷ് ( 35 ) എന്നിവരാണ് പിടിയിലായത്. ഇരുവരിൽ നിന്നുമായി രണ്ടായിരത്തോളം പാക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.
വിദ്യാലയങ്ങൾ തുറക്കുന്നതിന്റെ ഭാഗമായി ഡാൻസാഫ് സംഘവും തിരുവല്ല പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഡാൻസാഫ് സംഘത്തിൻ്റെ നിരീക്ഷണത്തിൽ ആയിരുന്ന ഇരുവരെയും വെള്ളിയാഴ്ച വൈകിട്ടോടെ ആണ് പിടികൂടിയത്. പിടിയിലായ രണ്ടുപേരും വർഷങ്ങളായി നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റു വന്നതായി പോലീസ് പറഞ്ഞു.