ന്യൂഡൽഹി : ചോദ്യപേപ്പർ ചോർച്ചയുമായുള്ള വിവാദങ്ങൾ നിലനിൽക്കെ സുതാര്യവും സുഗമവുമായി പൊതുപരീക്ഷകൾ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം വിദഗ്ധ സമിതിയെ നിയോഗിച്ചു. ഐഎസ്ആര്‍ഒ മുൻ ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ അധ്യക്ഷനായ ഏഴംഗ സമിതിയാണ് രൂപീകരിച്ചത്. ഡോ. രൺധീപ് ഗുലേറിയ, ഫ്രൊഫ. ബി.ജെ റാവു, പ്രൊഫ. രാമമൂർത്തി കെ., പങ്കജ് ബൻസാൽ, ആദിത്യ മിത്തൽ, ഗോവിന്ദ് ജയ്സ്വാൾ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ
പരീക്ഷ നടത്തിപ്പ് രീതിയില്‍ മാറ്റങ്ങളും ഡാറ്റ സുരക്ഷിതത്വത്തിനുള്ള പ്രോട്ടോക്കോളും എന്‍.ടി.എയുടെ നടത്തിപ്പും ഘടനയും സംബന്ധിച്ചും നിര്‍ദേശങ്ങള്‍ നല്‍കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്.രണ്ട് മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം.
യുജിസി നീറ്റ്- നെറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ നടപടി.യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ സിബിഐ അന്വേഷണം നടക്കുകയാണ്.
പൊതുപ്രവേശന പരീക്ഷകളിലെ ക്രമക്കേട് തടയാന്‍ ലക്ഷ്യമിട്ടുള്ള പബ്ലിക് എക്‌സാമിനേഷന്‍ ആക്ട് 2024 കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നു. പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരെ മൂന്നു മുതല്‍ പത്തുവര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും നിര്‍ദേശിക്കുന്നതാണ് പുതിയ നിയമം.