കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം ഇന്ന്. ഉമ്മൻ ചാണ്ടിയുടെ ഓർമ്മ പുതുക്കാനായി കോൺഗ്രസ്സ് ഓഗസ്റ്റ് 26 വരെയാണ് സംസ്ഥാന വ്യാപകമായി പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി അങ്കണത്തിൽ ഇന്ന് രാവിലെ 11ന് നടക്കുന്ന അനുസ്മരണ സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അധ്യക്ഷനാകും.
വൈകിട്ട് 3ന് കോട്ടയം ഡിസിസി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണം മാമ്മൻ മാപ്പിള ഹാളിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരൻ അധ്യക്ഷനാകും.