ബെംഗളൂരു : ഉത്തരകർണാടകയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ മുതൽ സൈന്യത്തിന്റെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. കരയിലും വെള്ളത്തിലും ഒരേ സമയമാണ് കരസേനയും നാവികസേനയും തിരച്ചിൽ നടത്തുന്നത്.
ജിപിഎസ് സിഗ്നല്‍ പിന്തുടര്‍ന്ന് മണ്ണിനടയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുനെ കണ്ടെത്താനാകാതെ വന്നതോടെ കരയിലെ മണ്ണിനടിയിൽ ലോറി ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് കർണാടക സർക്കാറിന്റെ നിഗമനം.എങ്കിലും കരയിൽ പരിശോധന തുടരാനാണ് സൈന്യത്തിൻ്റെ തീരുമാനം.ലോറി ഇല്ലെന്ന് പൂർണ്ണമായും ഉറപ്പിക്കുന്നത് വരെ കരയിലെ മണ്ണ് നീക്കും.
ഗംഗാവലി പുഴയിലേക്കും നാവികസേനയുടെ സ്‌കൂബ ഡൈവേസ് സംഘം തിരച്ചിൽ വ്യാപിപ്പിച്ചു. കര, നാവിക സേനകളും എന്‍.ഡി.ആര്‍.എഫും സംയുക്തമായാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്. ഇടയ്‌ക്കിടെ പെയ്യുന്ന കനത്ത മഴ രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളിയാണ്.