തിരുവല്ല : വയനാട്ടില്‍ മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും മുണ്ടക്കൈയിലും കനത്ത മഴയ്ക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ രണ്ട് വന്‍ ഉരുള്‍പൊട്ടലുകള്‍ കേരളത്തെ നടുക്കുന്നതാണെന്ന് ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ വാർത്താ കുറുപ്പിൽ അറിയിച്ചു . ചൂരല്‍മലയില്‍ നിരവധി വീടുകളും മുണ്ടക്കൈയിലേക്കുള്ള പാലവും തകരുകയും കുത്തൊഴുക്കിൽ ഒലിച്ചുപോകുകയും ചെയ്തു .
പരിക്കേറ്റ നൂറുകണക്കിന് ആളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ഇപ്പോള്‍ത്തന്നെ മരണസംഖ്യ 75 കടന്നു. മരണസംഖ്യ ഉയരുന്നതും കാലാവസ്ഥാ പ്രതികൂലമായി തുടരുന്നതും കൂടുതല്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു . ദുരന്ത ഭൂമിയില്‍ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം രക്ഷപെടുത്തുവാന്‍ ഇടയാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
ദുരന്ത മേഖലയില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരെയും ദൈവം ശക്തീകരിക്കട്ടെ. ഉള്ളുലയ്ക്കുന്ന വിലാപങ്ങളുയരുന്ന മുണ്ടക്കൈലിന്‍റെ ദുഖത്തില്‍ സഭയായി പങ്ക്ചേരുന്നു. ദുരിതബാധിത പ്രദേശത്തിന് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു. കനത്ത മഴയിലും ഉരുള്‍പൊട്ടലിലും വിറങ്ങലിച്ചു നില്ക്കുന്ന ദുരന്തഭൂമിയില്‍ ജാഗ്രതാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയാണ് ഇപ്പോൾ ആവശ്യമെന്നും മെത്രാപ്പോലിത്താ പറഞ്ഞു.






