ന്യൂഡൽഹി : ബംഗ്ലാദേശിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിൻ്റെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേർന്നു. ഷെയ്ഖ് ഹസീന ബംഗ്ലദേശ് വിടാനുണ്ടായ സാഹചര്യവും ഇന്ത്യ എടുത്ത നടപടികളും വിദേശകാര്യമന്ത്രി എല്ലാ പാർട്ടി നേതാക്കളോടും വിശദീകരിച്ചു. ബംഗ്ലദേശ് സൈന്യവുമായും ഇന്ത്യ ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ നടപടികൾക്ക് യോഗത്തില്‍ പങ്കെടുത്ത നേതാക്കൾ പിന്തുണ അറിയിച്ചു.
ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു, ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, മല്ലികാർജുൻ ഖർഗെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു .