പദ്ധതിയ്ക്കായി പ്രധാനമായും സ്ഥലം ഏറ്റെടുക്കേണ്ടത് ചെറുവള്ളി എസ്റ്റേറ്റിൽ നിന്നാണ്. എസ്റ്റേറ്റിൻ്റെ ഉടമസ്ഥത സംബന്ധിച്ച തർക്കം ഇപ്പോൾ പാലാ സബ് കോടതിയിൽ ഉണ്ട്. ബിലീവേഴ്സ് ചർച്ചിൻ്റെ നിയന്ത്രണത്തിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് എസ്റ്റേറ്റ് ഭൂമി സർക്കാരിലേക്ക് വിട്ടു കിട്ടിയെങ്കിൽ മാത്രമേ വിമാനത്താവള പദ്ധതി യാഥാർഥ്യമാകൂ.
ഇതിന് കോടതിക്ക് പുറത്ത് തർക്ക പരിഹാരം ഉണ്ടായെങ്കിലേ നിയമ തടസങ്ങൾ മാറി കിട്ടുകയുള്ളൂ. വിമാനത്താവള പദ്ധതിയോട് നിലവിൽ എതിർപ്പില്ലെന്ന് ബിലീവേഴ്സ് ചർച്ച് വ്യക്തമാക്കിയിരുന്നു. എസ്റ്റേറ്റിൻ്റെ ഉടമസ്ഥാവകാശം ട്രസ്റ്റിനാണെന്ന് സർക്കാർ സമ്മതിക്കണമെന്നാണ് ബിലിവേഴ്സ് ചർച്ചിൻ്റെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ ആവില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാരിൻ്റെ ആണ് എസ്റ്റേറ്റ് ഭൂമി എന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ നിയമ പ്രശ്നം ഉണ്ടായാൽ ബിലീവേഴ്സ് ചർച്ച് പ്രതിനിധികളുമായി ഒത്തു തീർപ്പ് ചർച്ച വേണ്ടി വരുമെന്ന് സംസ്ഥാന വ്യവസായ വികസന കോർപറേഷൻ പ്രതിനിധികൾ അറിയിച്ചു.