പത്തനംതിട്ട : ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും സൗകര്യങ്ങളും വിലയിരുത്താൻ ഹൈക്കോടതിയിലെ ദേവസ്വം ബഞ്ച് സന്നിധാനത്ത് എത്തുന്നു. ഈ മാസം 8 ന് രാവിലെ 10.30 ന് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ , ഹരിശങ്കർ വി.മേനോൻ, എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ശബരിമല സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തുന്നത്.
സന്നിധാനത്തെ ശബരി ഗസ്റ്റ് ഹൗസ്, സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നിവയുടെ പുനരുദ്ധാരണത്തിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ശബരിമലയിലെ നിർമാണ പ്രവൃത്തികൾ ഹൈക്കോടതിയുടെ അനുമതിയോടു കൂടിയേ നടത്താൻ പാടുള്ളൂ എന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബഞ്ച് നേരിട്ട് സന്നിധാനത്ത് എത്തുന്നത്.
സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിന് അടുത്ത സീസണിൽ സ്പോട്ട്ബുക്കിംഗ് ഒഴിവാക്കി ഓൺലൈൻ ബുക്കിംഗ് മാത്രമാക്കാൻ ദേവസ്വം ബോർഡ് അടുത്തിടെ തീരുമാനിച്ചിരുന്നു. കഴിഞ്ഞ സീസണിൽ തീർഥാടകരുടെ അനിയന്ത്രിത പ്രവാഹമായിരുന്നു ശബരിമലയിൽ അനുഭവപ്പെട്ടത്. ഇക്കാര്യത്തിൽ ഹൈക്കോടതി ഇടപെട്ടിരുന്നു