ആറന്മുള : വിഷുപ്പുലരിയിൽ ആറന്മുള പാർത്ഥസാരഥീ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ നാല് മുതൽ തന്നെ വിഷുക്കണി ദർശനം ആരംഭിച്ചു. ദർശനത്തിനെത്തിയ മുഴുവൻ ഭക്തർക്കും ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിൽ വിഷുക്കൈനീട്ടം നൽകി.
മറ്റ് മിക്ക പ്രധാന ക്ഷേത്രങ്ങളിലും വിഷുക്കണി ഒരുക്കുന്നത് നമസ്കര മണ്ഡപത്തിലാണ്. എന്നാൽ ആറന്മുളയിൽ സോപാനപ്പടി മുതൽ ശ്രീകോവിൽ വരെയുള്ള ഭാഗത്ത് വിഷുക്കണി ഒരുക്കുന്നു എന്ന പ്രത്യേകതയുണ്ടെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് വിജയൻ നടമംഗലത്ത് പറഞ്ഞു.
സ്വർണ്ണ തലേക്കെട്ട് ,സ്വർണ്ണക്കുടങ്ങൾ, വെള്ളിക്കുടങ്ങൾ എന്നിവയുൾപ്പടെയാണ് ആറന്മുളയിൽ വിഷുക്കണി ഒരുക്കിയത്.