കോട്ടയം : കോട്ടയം സിവിൽ സ്‌റ്റേഷനിൽ ജില്ലാ കളക്ടറെ കാണാൻ എത്തുന്ന അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും കൂടുതൽ സൗകര്യമൊരുക്കി പുതിയ ലിഫ്റ്റ് പ്രവർത്തനമാരംഭിച്ചു.സഹകരണ- തുറമുഖം -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ലിഫ്റ്റിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ആളുകൾ മന്ത്രി വി.എൻ. വാസവനു നൽകിയ നിവേദനത്തെത്തുടർന്നാണ് സിവിൽ സ്‌റ്റേഷനിൽ രണ്ടാമത്തെ ലിഫ്റ്റും ഒരുക്കിയത്.
നിലവിൽ ലിഫ്റ്റ് ഉണ്ടെങ്കിലും സിവിൽ സ്‌റ്റേഷൻ കെട്ടിട സമുച്ചയത്തിന്റെ പിൻഭാഗത്തു കോടതികൾക്കു സമീപമാണ് സ്ഥിതിചെയ്യുന്നത്. ഗ്രൗണ്ട് ഫ്‌ളോറിലുള്ള അഡീഷണൽ ജില്ലാ കോടതിയോട് ചേർന്നാണ് പുതിയ ലിഫ്റ്റ് സ്ഥാപിച്ചിട്ടുള്ളത്. പ്രവേശനം മുൻവശത്തുകൂടിയാണ്.63,62,000/ രൂപ ഉപയോഗിച്ചു പൊതുമരാമത്ത് വകുപ്പാണ് ലിഫ്റ്റ് പണിതീർത്തത്.ഒരേ സമയം 13 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് പുതിയ ലിഫ്റ്റ്.
ഉദ്ഘാടനച്ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ എന്നിവർ പങ്കെടുത്തു.