ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്ത യുവാവ് അറസ്റ്റിൽ. തകഴി പടഹാരം ശശി ഭവനിൽ ഷൈജു (39) ആണ് അറസ്റിലായത്.തിരുവോണദിവസം വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.
മദ്യലഹരിയിൽ വീട്ടിൽ വെച്ച് വീണുപരിക്കേറ്റ ഷൈജുവിനെ ആശുപത്രി അത്യാഹിതവിഭാഗത്തിൽ എത്തിക്കുകയായിരുന്നു.നെറ്റിയിലെ മുറിവിൽ തുന്നലിടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ അസഭ്യം പറയുകയും വനിതാ ഡോക്ടറുടെ കൈ പിടിച്ച് തിരിക്കുകയുമായിരുന്നു.വീണ്ടും ആക്രമിക്കാൻ ശ്രമിച്ച ഇയാളെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ ഉൾപ്പടെയുള്ളവർ ചേർന്ന് പിടിച്ചു മാറ്റി. ഡോക്ടറുടെ പരാതി പ്രകാരം പിന്നീട് ഇയാളെ അമ്പലപ്പുഴ പോലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.