കോന്നി : കലഞ്ഞൂര്‍ പാടത്ത് യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയത് ഫോണില്‍ കണ്ട വാട്‌സാപ്പ് മെസേജിനെ ചൊല്ലിയുള്ള തർക്കം. കലഞ്ഞൂര്‍ പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തില്‍ വൈഷ്ണവി (28) സുഹൃത്ത് പാടം വിഷ്ണു ഭവനില്‍ വിഷ്ണു (30) എന്നിവരെയാണ് വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്.
ഭാര്യ മാറിക്കിടക്കുന്നത് കണ്ട് അന്വേഷിച്ചെത്തിയ ബൈജു വൈഷ്ണവിയുടെ കൈവശം മറ്റൊരു മൊബൈല്‍ഫോണ്‍ കണ്ടെത്തി. ഇത് പരിശോധിച്ചപ്പോള്‍ വാട്‌സാപ്പില്‍ നിന്ന് അയല്‍ക്കാരനായ വിഷ്ണുവുമായി ചാറ്റ് ചെയ്യുകയാണെന്ന് മനസിലാക്കി. ഇതില്‍ കണ്ട ചുംബന ഇമോജിയാണ് ബൈജുവിനെ സംശയാലുവാക്കിയത്.
നിനക്ക് അവനുമായി എന്താണ് ബന്ധമെന്ന് ചോദിച്ചപ്പോള്‍ വൈഷ്ണവി ഇറങ്ങിയോടുകയും വിഷ്ണുവിന്റെ വീട്ടില്‍ അഭയം തേടുകയുമായിരുന്നു. കൈയില്‍ വാക്കത്തിയുമായി എത്തിയ ബൈജു വൈഷ്ണവിയെ പുറത്തേക്ക് വിളിച്ചെങ്കിലും ഇറങ്ങി ചെന്നില്ല. തുടര്‍ന്ന് വലിച്ചിറക്കി മുറ്റത്തിട്ട് വെട്ടുകയായിരുന്നു.
തടയാന്‍ ശ്രമിക്കുന്നതിനിടെ വിഷ്ണുവിനെയും വെട്ടി. ഗുരുതരപരുക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. തുടര്‍ന്ന് കുളിച്ച് വസ്ത്രം മാറിയ ബൈജു സുഹൃത്തിനെ വിളിച്ച് താന്‍ ഭാര്യയെയും സുഹൃത്തിനെയും വെട്ടി എന്ന വിവരം അറിയിച്ചു.
കൂടല്‍ പോലീസ് എത്തി ബൈജുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വൈഷ്ണവിയെ ബൈജു പ്രണയിച്ച് വിവാഹം കഴിച്ചതാണ്. ഇവര്‍ക്ക് 10, അഞ്ച് വയസ് വീതമുള്ള രണ്ട് കുട്ടികളുണ്ട്.
വിഷ്ണു കുറിഞ്ഞി സ്വദേശിയാണ്. അവിവാഹിതനായ ഇയാള്‍ മാതാവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. വിഷ്ണുവും ബൈജുവും ആശാരിപ്പണിക്കാരാണ്. ഇരുവരും ഒന്നിച്ച് പണിക്ക് പോകുന്നവര്‍ ആയിരുന്നു.
കൂടൽ പോലീസ് 2015 ൽ രജിസ്റ്റർ ചെയ്ത കേസിലും, പത്തനാപുരം പോലീസ് 2019 ലെടുത്ത കേസിലും പ്രതിയാണ് ബൈജു. ഡി വൈ എസ് പി ടി രാജപ്പന്റെ മേൽനോട്ടത്തിൽ, കൂടൽ പോലീസ് ഇൻസ്‌പെക്ടർ സി എൽ സുധീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.