പത്തനംതിട്ട : അയൽവാസിയെ വെട്ടിക്കൊന്ന യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ഒന്ന് ജഡ്ജി ജി പി ജയകൃഷ്ണന്റേതാണ് വിധി. ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം
റാന്നി പോലീസ് 2019 ഓഗസ്റ്റ് ഒന്നിന് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി . റാന്നി നെല്ലിക്കാമൺ പാറക്കൽ തെക്കേ കാലായിൽ ഷിബി സി മാത്യു (40) വിനെയാണ് കോടതി ശിക്ഷിച്ചത്. നെല്ലിക്കാമൺ വെട്ടിമല കണമൂട്ടിൽ കെ പി മാത്യു (49) ആണ് വെട്ടേറ്റു മരിച്ചത്. പിഴത്തുക ഇദ്ദേഹത്തിന്റെ ഭാര്യ ഷൈനി മാത്യുവിന് പ്രതി നൽകാനും, അടയ്ക്കാത്തപക്ഷം റവന്യു റിക്കവറിയിലൂടെ ഇടാക്കാവുന്നതാണെന്നും വിധിയിൽ പറയുന്നു. രണ്ട് വർഷത്തെ തടവുകൂടി അനുഭവിക്കുകയും വേണം.
2019 ജൂലൈ 31 ന് രാത്രി 10.30 നാണ് വീടിനു സമീപത്ത് വച്ച് മാത്യുവിന്റെ ഇടതുകഴുത്തിൽ ആഴത്തിൽ മുറിവേറ്റു രക്തം വാർന്ന് റാന്നി താലൂക്ക് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ആദ്യം അസ്വാഭാവിക മരണത്തിനാണ് റാന്നി പോലീസ് കേസ് ചെയ്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തിന് ശേഷം ഷിബി സി മാത്യു ഒളിവിൽ പോയി, ഇതിൽ സംശയം തോന്നിയ പോലീസ് ഇയാളെ പിടികൂടി വിശദമായി ചോദ്യം ചെയ്തപ്പോൾ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.
അന്നത്തെ പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥനാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയതും, അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും. കോടതിയിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ഹരിശങ്കർ പ്രസാദ് ഹാജരായി.