അടൂർ : ശസ്ത്രക്രിയ ചെയ്യാൻ കൈക്കൂലി ആവശ്യപ്പെട്ടതിന് അടൂർ ജനറൽ ആശുപത്രിയിലെ അസി. സർജനെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തു. ഡോ. എസ്. വിനീതിനെയാണ് സസ്പെൻഡ് ചെയ്തത്. പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് മന്ത്രി വീണാ ജോർജ് നിർദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
ശസ്ത്രക്രിയ നടത്തുന്നതിന് രോഗിയുടെ ബന്ധുവിനോട് ഡോക്ടർ 12, 000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി ഉയർന്നത്. കഴിഞ്ഞ മാസം 25 ന് ഇതു സംബന്ധിച്ച പരാതി നൽകിയിരുന്നതാണെന്നും രോഗിയുടെ ബന്ധു പറഞ്ഞു. കൈക്കൂലി ആവശ്യപ്പെടുന്നതിൻ്റെ ശബ്ദരേഖയും പുറത്തു വന്നതോടെ
കോൺഗ്രസ്, ബിജെപി, യൂത്ത് കോൺഗ്രസ്, എഐവൈഎഫ് പ്രവർത്തകർ ആശുപത്രി പടിക്കൽ പ്രതിഷേധസമരവും നടത്തിയിരുന്നു.