ന്യൂഡൽഹി: റോഡ് മോശമാണെങ്കിൽ ദേശീയപാതാ ഏജൻസികൾ ടോൾ പിരിക്കരുതെന്ന് കേന്ദ്ര ഉപരിതല-റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഉപഗ്രഹ സഹായത്തോടെയുള്ള ടോൾ പിരിവ് സംവിധാനത്തെ കുറിച്ചുള്ള ഒരു സെമിനാറിൽ സംസാരിക്കവേയായിരുന്നു മന്ത്രി ടോൾ പിരിവ് ഏജൻസികൾക്ക് നിർദേശം നൽകിയത്.
‘നിങ്ങൾ നല്ല റോഡുകൾ ജനങ്ങൾക്ക് നൽകിയില്ലെങ്കിൽ ടോൾ പിരിക്കരുത്. പൊട്ടിപ്പൊളിഞ്ഞ, കുഴികൾ നിറഞ്ഞ റോഡുകളിൽ നിങ്ങൾ ടോൾ പിരിച്ചാൽ ജനങ്ങളിൽ നിന്ന് തിരിച്ചടിയുണ്ടാകും. മികച്ച ഗുണനിലവാരമുള്ള റോഡ് സൗകര്യം ഒരുക്കിവേണം ടോൾ പിരിക്കാൻ’ അദ്ദേഹം പറഞ്ഞു. ദേശീയപാതയിലെ ടോൾ നിരക്ക് ഈയിടെ വർധിപ്പിച്ച പശ്ചാത്തലത്തിൽ കൂടിയാണ് മന്ത്രിയുടെ വാക്കുകൾ.