ആലപ്പുഴ: ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളവരുടെ രോഗാവസ്ഥയും ചികിത്സാ വിവരങ്ങളും ഒപ്പമുള്ളവരെ പ്രധാന ഡോക്ടർമാർ യഥാസമയം അറിയിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ സംവിധാനം ഒരുക്കും. അമ്പലപ്പുഴ എംഎൽഎ എച്ച് സലാം, ജില്ലാ കളക്ടർ അലക്സ് വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനിച്ചത്.
കുറ്റമറ്റ നിലയിൽ ചികിത്സ ലഭ്യമാക്കുന്നതിന് എല്ലാ ഡിപ്പാർട്ടുമെൻ്റുകളുടെയും പ്രവർത്തനങ്ങൾ പ്രിൻസിപ്പാൾ, സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തിൽ കൃത്യമായി നിരീക്ഷിക്കണം എന്ന് യോഗം തീരുമാനിച്ചു. മുഴുവൻ വിഭാഗങ്ങളും ഡ്യൂട്ടിയിലുണ്ടെന്നും മെഡിക്കൽ ഓഫീസർമാർ പ്രവർത്തി സമയം ആശുപത്രിയിൽ ഉണ്ടെന്നും ഉറപ്പുവരുത്തണം.എല്ലാ വിഭാഗത്തിലേയും ജീവനക്കാർ അവരിൽ നിക്ഷിപ്തമായ ജോലി കൃത്യതയോടെ ചെയ്യുന്നുണ്ട് എന്ന് ബന്ധപ്പെട്ട മേലുദ്യോഗസ്ഥർ ഉറപ്പുവരുത്തണം.
തിരക്ക് ഒഴിവാക്കുന്നതിനായി ആശുപത്രി ഫാർമസിയിലെ പത്ത് കൗണ്ടറുകളും പൂർണ്ണ സജ്ജമാക്കി പ്രവർത്തിക്കണം എന്നും തീരുമാനിച്ചു. മെഡിസിൻ ഐ സി യു വിൻ്റെ സൗകര്യം വർധിപ്പിക്കുന്നതിന് ആവശ്യമായ റിപ്പോർട്ട് തയ്യാറാക്കാൻ സൂപ്രണ്ടിനേയും മെഡിസിൻ എച്ച് ഒ ഡി യേയും ചുമതലപ്പെടുത്തി. അടുത്ത ഒരാഴ്ചക്കുള്ളിൽ ആശുപത്രി വികസന സമിതി യോഗം ചേരാനും തീരുമാനിച്ചു.