കൊച്ചി : ബോർഡ്- കോർപ്പറേഷൻ വിഭജനത്തിൽ അതൃപ്തി പരസ്യമാക്കി ആർഎസ്പി. മുന്നണി യോഗം ചേർന്നിട്ട് നാളുകളായെന്നും ഘടകകക്ഷികളുടെ ആവശ്യങ്ങൾ ഉന്നയിക്കാൻ വേദിയില്ലാതായെന്നും ആർഎസ്പിയുടെ മുതിർന്ന നേതാവ് എ എ അസീസ് പറഞ്ഞു. യുഡിഎഫ് കൺവീനർ തന്നെ യോഗം ചേരണമെന്ന് പറഞ്ഞിട്ട് ഇതുവരെ നടന്നില്ല. സർക്കാർ വന്നിട്ട് 6 മാസമായി.
നമ്മുടെ സംസ്ഥാനത്ത് പൊതുമേഖല സ്ഥാപനങ്ങളായ ബോർഡുകൾ, കോർപ്പറേഷനുകൾ, ക്ഷേമനിധി ബോർഡുകൾ എല്ലാം അനാഥാവസ്ഥയിലാണ്. ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണണം. ഇത്തരം കാര്യങ്ങളിൽ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് നേരത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നില്ല.
മുസ്ലീം ലീഗിന് ചെയർമാൻ സ്ഥാനങ്ങൾ നൽകിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ഭരണചക്രം ചലിക്കുന്നത് ചില കാര്യങ്ങളിൽ മാത്രമാണ്. അടിസ്ഥാന വർഗത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാത്തത് അപകടകരമാണെന്നും അസീസ് വിമർശിച്ചു. ഉമ്മൻചാണ്ടി സർക്കാർ ഉള്ളപ്പോൾ 9 പദവികൾ ആർഎസ്പിയ്ക്ക് ലഭിച്ചിരുന്നു.
എന്നാൽ ഇപ്പോൾ 4 പദവികൾ മാത്രം കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയിലാണ് പാർട്ടി. ബോർഡ്-കോർപ്പറേഷൻ വിഭജനത്തിലും മുന്നണിയോഗം ചേരാത്തതിലും അതൃപ്തി അറിയിച്ചുകൊണ്ട് ‘എ’ ഗ്രൂപ്പ് നേതാക്കളും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.





