തിരുവല്ല: സമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ടം പോലീസിൽ അറിയിച്ച വിദേശ മലയാളികൾക്ക് വധഭീഷണി. തിരുവല്ല കടപ്ര പതിനാലാം വാർഡിലെ എസ് എസ് വില്ലയിലെ ഫിലിപ്പ് ജോർജിനും കുടുംബത്തിനും നേരെയാണ് നാലംഗ സംഘത്തിന്റെ ഭീഷണി ഉണ്ടായത്. ഈ മാസം 19 ആയിരുന്നു സംഭവം. രാവിലെ 10.30 മണിയോടെ പത്തോളം പേരടങ്ങുന്ന സംഘം ഫിലിപ്പിന്റെ എതിർ വശത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ കൂട്ടമായി മദ്യപിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ശബ്ദം ഉയർന്നത് സഹിക്കവയ്യാതെ ഫിലിപ്പ് പോലീസിൽ വിവരം അറിയിച്ചു.
പുളിക്കിഴ് പോലിസ് എത്തുന്നതിന് മുൻപെ സംഘത്തിലെ പ്രധാനികൾ സ്ഥലത്ത് നിന്ന് കടന്നു. മദ്യപിച്ച് അവശരായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ചു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ട് അയച്ചു. സംഭവത്തിന് ശേഷം ഉച്ചയോടെ നാലംഗ സംഘം ഫിലിപ്പിന്റെ വീട്ടിലെത്തി വധഭീഷണി മുഴക്കി. ഇതുമായി ബന്ധപ്പെട്ട് പുളിക്കീഴ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.