ധാക്ക : ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതോടെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി രാജ്യത്തെ അഭിസംബോധന ചെയ്ത സൈനിക മേധാവി ജനറൽ വാകെർ-ഉസ്-സമാൻ പ്രഖ്യാപിച്ചു. എത്രയും പെട്ടന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സേന മേധാവി അറിയിച്ചു. അക്രമം അവസാനിപ്പിക്കണമെന്നും ഇടക്കാല സർക്കാർ ആവശ്യമായ തീരുമാനങ്ങൾ എടുക്കുമെന്നും സേന മേധാവി വ്യക്തമാക്കി.
കലാപം രൂക്ഷമായതോടെ ഇന്ന് ഉച്ചക്കാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യം വിട്ടത്. രാജിവച്ച പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇരച്ചുകയറിയ പ്രക്ഷോഭകാരികൾ അവിടെയുള്ള വിലപിടിച്ച വസ്തുക്കളെല്ലാം എടുത്തുകൊണ്ട് പോവുകയും ചെയ്തിരുന്നു.ധാക്കയിൽ നിന്നും സഹോദരിക്കൊപ്പം രാജ്യം വിട്ട ഹസീന ഇന്ത്യയിൽ എത്തിയെന്നും വൈകാതെ ലണ്ടനിലേക്ക് തിരിക്കുമെന്ന റിപ്പോർട്ടുകളുണ്ട്.
സര്‍ക്കാര്‍ ജോലിയിലെ സംവരണവുമായി ബന്ധപ്പെട്ട് ആരംഭിച്ച പ്രതിഷേധം ക്രമേണ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു.പ്രതിഷേധങ്ങളിൽ മുന്നൂറോളം പേരുടെ ജീവൻ പൊലിഞ്ഞു . ഞായറാഴ്ച മാത്രം 90 പേരാണ് കൊല്ലപ്പെട്ടത്. സംഘർഷം നേരിടാൻ ബംഗ്ലാദേശിൽ രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു .ബംഗ്ലദേശ് പ്രക്ഷോഭത്തെത്തുടർന്ന് ഇന്ത്യ–ബംഗ്ലദേശ് അതിർത്തിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു