ആലപ്പുഴ : പക്ഷി വളർത്തുന്നവർക്ക് കർശനമായ ജാഗ്രത നിർദ്ദേശവുമായി അധികൃതർ. ചേർത്തല മുനിസിപ്പാലിറ്റി, കഞ്ഞിക്കുഴി, പഞ്ചായത്ത് പരിസരത്ത് പക്ഷികളിൽ പക്ഷിപ്പനി സംശയിക്കുന്നതിനാലും, മുഹമ്മ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളതിനാലും ഈ പ്രദേശങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള ജാഗ്രത മേഖലയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിൽ കോഴി, മറ്റു പക്ഷികളെ വളർത്തുന്നവർ കർശനമായ ജൈവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദ്ദേശം.
ജില്ലയിൽ പക്ഷിപ്പനി പല പഞ്ചായത്തുകളിൽ സ്ഥിരീകരിച്ചിട്ടുള്ള സാഹചര്യത്തിൽ അധിക വ്യാപനം തടയുന്നതിന് വേണ്ടി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണിയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ജാഗ്രത നിർദ്ദേശങ്ങൾ നൽകിയത്.
കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, ചേർത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീർമുക്കം, ചേർത്തല മുനിസിപ്പാലിറ്റി, കുമരകം, അയ്മനം, ആർപ്പൂക്കര, മണ്ണഞ്ചേരി, വെച്ചൂർ, മാരാരിക്കുളം വടക്ക്, ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പുന്നമട, കരളകം, പൂന്തോപ്പ്, കൊറ്റംകുളങ്ങര, കറുകയിൽ, കാളാത്ത്, ആശ്രമം, കൊമ്മാടി, തുമ്പോളി എന്നീ വാർഡുകൾ, പട്ടണക്കാട്, വയലാർ, ചേന്നം പള്ളിപ്പുറം, വൈക്കം മുനിസിപ്പാലിറ്റി, ടിവി പുരം, തലയാഴം, കടക്കരപ്പള്ളി എന്നിവയാണ് ജാഗ്രത മേഖലയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകൾ.