ആലപ്പുഴ : ജില്ലയിലെ തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര സൗത്ത്, പുറക്കാട്, ചെറുതന, നെടുമുടി , അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിൽ പക്ഷിപ്പനി (H5N1) സ്ഥിരീകരിച്ചു. ജില്ലാ കളക്ടർ അലക്സ് വർഗീസിൻ്റെ
അധ്യക്ഷതയിൽ കൂടിയ വിവിധ വകുപ്പുകളുടെ അടിയന്തിര യോഗത്തിൽ ഇന്ത്യ ഗവൺമെൻറിൻറെ 2021 ലെ പക്ഷിപ്പനി പ്രതിരോധ നിയന്ത്രണ ആക്ഷൻ പ്ലാൻ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുവാൻ തീരുമാനമായി.
പ്രഭവകേന്ദ്രങ്ങൾക്ക് 1 കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊന്നു നശിപ്പിക്കുന്നതിനുള്ള (കള്ളിങ്) ദ്രുതകർമ്മ സേനകളും അനുബന്ധ ഒരുക്കങ്ങളും മൃഗസംരക്ഷണ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. തകഴി പഞ്ചായത്തിലെ പ്രഭവകേന്ദ്രത്തിന് 1 കിലോമീറ്റർ ചുറ്റളവിൽ 305 വളർത്തുപക്ഷികളും, കാർത്തികപ്പള്ളി പഞ്ചായത്തിൽ പ്രഭവകേന്ദ്രത്തിന് 1 കിലോമീറ്റർ ചുറ്റളവിൽ (കുമാരപുരം പഞ്ചായത്തിന്റെ ചില ഭാഗങ്ങളും ഉൾപ്പെടുന്നു) 353 വളർത്തുപക്ഷികളും , കരുവാറ്റ പഞ്ചായത്തിൽ 665 വളർത്തുപക്ഷികളും, പുന്നപ്ര സൗത്ത് പഞ്ചായത്തിൽ 5672 വളർത്തുപക്ഷികളും, പുറക്കാട് പഞ്ചായത്തിൽ 4000 വളർത്തുപക്ഷികളും, അമ്പലപ്പുഴ സൗത്ത് പഞ്ചായത്തിൽ പ്രഭവകേന്ദ്രത്തിന് 1 കിലോമീറ്റർ ചുറ്റളവിൽ 4000 വളർത്തുപക്ഷികളും, ചെറുതന പഞ്ചായത്തിൽ 4500 വളർത്തുപക്ഷികളും, നെടുമുടി പഞ്ചായത്തിൽ 386 വളർത്തുപക്ഷികളും ഉൾപ്പെടെ ഏകദേശം 19881 പക്ഷികളെയാണ് കൊന്നു നശിപ്പിക്കേണ്ടത്.
ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.