ആലപ്പുഴ : ആലപ്പുഴ കലവൂരിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതിത്തൂണിലും തെങ്ങിലും ഇടിച്ചുമറിഞ്ഞ് രണ്ടുപേർ മരിച്ചു.കാർ യാത്രികരായ 3 പേർക്കു പരുക്ക്. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാർഡിൽ എൽജി നിവാസിൽ എം.രജീഷ്(37),കരോട്ടു വെളി പരേതനായ ഓമനക്കുട്ടന്റെ മകൻ അനന്തു (29) എന്നിവരാണു മരിച്ചത്.ഇന്നലെ രാത്രി ഒൻപതോടെ കലവൂർ മാരൻകുളങ്ങര-പ്രീതികുളങ്ങര റോഡിലായിരുന്നു അപകടം.
നിയന്ത്രണം വിട്ട കാർ റോഡിലെ വളവിൽ വൈദ്യുതിത്തൂണിലിടിച്ചശേഷം കലുങ്കിന്റെ കൈവരി ഇല്ലാത്ത ഭാഗത്തുകൂടി കയറി സമീപത്തെ വീടിന്റെ മുറ്റത്തുനിന്ന തെങ്ങിലിടിച്ചു മറിയുകയായിരുന്നു.നാട്ടുകാരും പൊലീസും അഗ്നിശമന രക്ഷാസേനയും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്.