തിരുവനന്തപുരം : കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസിയുടെ വിവിധ ശ്രേണികളിലുള്ള 143 പുതിയ ബസ്സുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഭാഗമായുള്ള സംവിധാനങ്ങളുടെ ഉദ്ഘടനവും തിരുവനന്തപുരം ആനയറ ബസ് സ്റ്റേഷനിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഏറ്റവുമധികം ഫ്ലീറ്റുകളുടെ ആധുനികവത്കരണം നടത്തുന്ന ആദ്യത്തെ സന്ദർഭമാണിതെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ലിങ്ക് ബസ്സുകൾ, സൂപ്പർഫാസ്റ്റ് പ്രീമിയം/സൂപ്പർഫാസ്റ്റ് തുടങ്ങി സ്ലീപ്പർ/സെമി സ്ലീപ്പർ ബസ്സുകളും വോൾവോ ബസ്സുകൾ അടക്കമുള്ള ഇന്ന് ഇന്ത്യയിൽ ലഭ്യമാകുന്ന ഏറ്റവുമാധുനിക ബസ്സുകളുമായി കെഎസ്ആർടിസി ഒരു പുതിയ തുടക്കം കുറിക്കുകയാണ്. ടിക്കറ്റുകൾ കൊടുക്കുന്നത് മുതൽ തുടങ്ങി എല്ലാ കാര്യങ്ങളും ഡിജിറ്റലൈസ് ചെയ്യുകയാണ്. ഗ്രാമപ്രദേശങ്ങളിൽ ഓടുന്ന വണ്ടികളിൽ ഉൾപ്പെടെ വൈഫൈ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.
ഇന്ന് കെഎസ്ആർടിസി ജീവനക്കാർ ഒന്നാം തിയതി ശമ്പളം വാങ്ങുന്നുണ്ടെങ്കിൽ അത് മുഖ്യമന്ത്രിയുടെ പിന്തുണ കൊണ്ട് മാത്രമാണെന്നും ഗണേഷ് കുമാർ പറഞ്ഞു.
ചടങ്ങിൽ വിദ്യാർഥികൾക്കായി സ്റ്റുഡന്റ്‌സ് ട്രാവൽ കാർഡിന്റെ പ്രകാശനവും വിതരണവും മുഖ്യമന്ത്രി നിർവഹിച്ചു. വിപുലീകരിച്ച കമ്പ്യൂട്ടർ അധിഷ്ഠിത ബാർകോഡ് ഇൻവെന്ററി സംവിധാനത്തിന്റെ ഉദ്ഘാടനവും ഡിജിറ്റൽ ക്ലോക് റൂമിന്റെ ഉദ്ഘാടനവും മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു.
അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഉയർന്ന യാത്രാ സൗകര്യങ്ങളുമുള്ള ബസുകളാണ് കെഎസ്ആർടിസി നിരത്തിലിറക്കുന്നത്. എസി സ്ലീപ്പർ, സീറ്റർ, സ്ലീപ്പർ കം സീറ്റർ, പ്രീമിയം സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, ജില്ലകളെ ബന്ധിപ്പിക്കുന്ന ലിങ്ക് ബസ്, മിനി ബസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.