മല്ലപ്പള്ളി : കോട്ടാങ്ങൽ പഞ്ചായത്തിലെ ചുങ്കപ്പാറ ജംഗ്ഷൻ, ബസ് സ്റ്റാൻഡ് എന്നിവ ഇരുട്ടിൻ്റെ പിടിയിൽ. ലക്ഷങ്ങൾ മുടക്കി ജംഗ്ഷനിലും ബസ് സ്റ്റാൻഡിലും സ്ഥാപിച്ചിരിക്കുന്ന പൊക്ക വിളക്കുകൾ മിഴി അടച്ചിട്ട് ദിവസങ്ങളായി, തെരുവ് വിളക്കുകളും അണഞ്ഞ നിലയിലാണ്. വ്യാപാരസ്ഥാപനങ്ങൾ അടച്ചാൽ ചുങ്കപ്പാറ കൂരിരുട്ടിൽ അമരും. സാമുഹ്യ വിരുദ്ധർക്കും മദ്യപസംഘത്തിനും ഇത് ഏറെ സഹായകരമാകുന്നുവെന്ന് പരാതി.
ലിറ്റിൽ ഫ്ലവർ ദേവാലതിരുനാളിനോടനുബന്ധിച്ച് റാസ അടക്കമുള്ള ആഘോഷങ്ങൾ ഈ ആഴ്ച്ച ജംഗ്ഷനിൽ നടക്കാനിരിക്കെയാണ് ജനങ്ങൾക്ക് അധികൃതർ ഈ ഇരുട്ടടി നൽകിയിരിക്കുന്നത്. ടാപ്പിങ്ങ് തൊഴിലാളികൾ, പത്രവിതരണക്കാർ ഉൾപ്പെടെ പുലർച്ചെ ജംഗ്‌ഷനിൽ വന്ന് യാത്ര ചെയ്യുന്നവർ ടാക്സി ഓട്ടോ തൊഴിലാളികൾ വെളിച്ചമില്ലാത്തതു കാരണം വളരെ ബുദ്ധിമുട്ടിലാണ്. നിരവധി വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും, എടിഎമ്മുകളും ഉള്ള ഇവിടെ ഇരുട്ട് പരന്നത് മോഷ്ടാക്കൾക്കും ഗുണകരമാറ്റുമെന്നാണ് യാത്രക്കാർ പറയുന്നത്. തെരുവുനായ്ക്കൾ, കാട്ടുപന്നി, പാമ്പ് അടക്കമുള്ളവയുടെ ശല്യവും ഇവിടെ ഉണ്ട്.
പഞ്ചായത്ത് അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ചുങ്കപ്പാറ ജനകിയ വികസന സമിതിയും വ്യാപാരി വ്യവസായി ഭാരവാഹികളും ആവശ്യപ്പെട്ടു. ഭാരവാഹികളായ ജോസി ഇലഞ്ഞിപ്പുറം, ഷാജി .കെ .കോട്ടയ മണ്ണിൽ, ശശിധരൻ വേലൂപറമ്പിൽ, റ്റി.കെ. സുലൈമാൻ, ജോസ് മോൻ മഠത്തുംമുറി, പ്രസാദ് വർഗീസ്, അസിസ്, ജോയി ജോൺ പത്മകുമാർ എന്നിവർ പ്രതിഷേധ യോഗത്തിൽ പ്രസംഗിച്ചു.