ഷിംല : ഹിമാചൽ പ്രദേശിലെ മൂന്ന് ജില്ലകളിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി.കുള്ളുവിലെ നിർമന്ദ്, സൈൻജ്, മലാന, മണ്ഡിയിലെ പാഥർ, ഷിംലയിലെ റാംപുർ സബ്ഡിവിഷൻ എന്നിവിടങ്ങളിൽ ജൂലൈ 31ന് ആയിരുന്നു മേഘവിസ്ഫോടനം നടന്നത്.ഔദ്യോഗിക കണക്കുകൾ പ്രകാരം 40-ലധികം പേരെ ഇനിയും കണ്ടുകിട്ടാനുണ്ട്.
സൈന്യം, എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഐടിബിപി, സിഐഎസ്എഫ്, ഹിമാചൽ പ്രദേശ് പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉണ്ടായ കനത്ത മഴയെ തുടർന്നുണ്ടായ മേഘവിസ്ഫോടനം, വെള്ളപ്പൊക്കം, മണ്ണിടിച്ചിലുകൾ എന്നിവ കാരണം ഹിമാചൽ പ്രദേശിൽ 87 റോഡുകൾ അടച്ചിരിക്കുകയാണ്.കനത്ത മഴയിലും മണ്ണിടിച്ചിലിലും 662 കോടിയുടെ നാശനഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.