കോഴഞ്ചേരി : പീച്ചി സ്വർണ്ണക്കവർച്ചാകേസിലെയും, കൂത്തുപറമ്പ് കുഴൽപണം തട്ടിയെടുക്കൽ കേസിലെയും പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും കഞ്ചാവും പോലീസ് പിടിച്ചെടുത്തു.
പുല്ലാട് പുരയിടത്തുംകാവ് ദ്വാരക വീട്ടിൽ ലിബിൻ( ചിക്കു -31) ആണ് വയനാട് ക്രൈംബ്രാഞ്ചിന്റെയും കോയിപ്രം പോലീസിന്റെയും ഡാൻസാഫിന്റെയും സംയുക്ത പരിശോധനയിൽ അറസ്റ്റിലായത്. ഇന്ന് വൈകിട്ട് 4:30 ഓടെ വയനാട് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി സുരേഷ് ബാബുവും സംഘവും കൂത്തുപറമ്പ് ജെ എഫ് എം വീട് പരിശോധിക്കവേ കിടപ്പ് മുറിയിലെ ഷെൽഫിൽ നിന്നും 2.90 ഗ്രാം കഞ്ചാവും, കഞ്ചാവ് ഉപയോഗിക്കാനുള്ള 4 പൊതി പ്രത്യേക പേപ്പറും, പഴകി തുരുമ്പിച്ച ഒരു എയർ പിസ്റ്റളും, വിവിധ രൂപത്തിലിലുള്ള കത്തികളും, ചെയിൻ, ഇരുമ്പ്മഴു, പതിനെട്ടര ഇഞ്ച് നീളം ഉള്ള വടിവാൾ എന്നിവയും കണ്ടെടുത്തു.
കുഴൽപണം തട്ടിയെടുത്ത കേസിലെ 16-ാം പ്രതിയും, സ്വർണ്ണ കവർച്ചാ കേസിലെ മൂന്നാം പ്രതിയുമായ ലിബിൻ, നിലവിൽ ജാമ്യത്തിലാണ്. കണ്ടെടുത്ത ആയുധങ്ങളും കഞ്ചാവും പ്രതിയെയും കോയിപ്രം പോലീസിന് കൈമാറി.
പ്രതിയുടെ പേരിൽ കോട്ടയം ഗാന്ധിനഗർ പോലീസിലും, കോയിപ്രം, തിരുവല്ല പോലീസ് സ്റ്റേഷനുകളിലും വേറെയും കേസുകളുണ്ട്. കഞ്ചാവ് ചെങ്ങന്നൂരുള്ള അതിഥി തൊഴിലാളിയുടെ കയ്യിൽ നിന്നും വാങ്ങിയതാണെന്ന് പറഞ്ഞുവെങ്കിലും പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ഇത് സംബന്ധിച്ച കൂടുതൽ അന്വേഷണം നടക്കുകയാണ്.